മുംബൈ: തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 94.94 രൂപയിലേക്ക് താഴ്ന്നു. ഇസ്രായേൽ-ലെബനൻ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണ (ക്രൂഡ് ഓയിൽ) വില വർധിച്ചതാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. എണ്ണവില ബാരലിന് 93 യുഎസ് ഡോളറായി ഉയർന്നതോടെ ഡോളർ സൂചിക 99 ലെവലിലേക്ക് കുതിച്ചത് വിപണിയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഇന്ത്യൻ രൂപയുടെ മൂല്യം അടുത്തിടെ 95 ലെവലിലേക്ക് ഇടിഞ്ഞിരുന്നു. പിന്നീട് നേരിയ തിരിച്ചുവരവ് കാണിച്ചെങ്കിലും, എണ്ണവിലയിലെ വർധന രൂപയെ വീണ്ടും റെക്കോഡ് ഇടിവിലേക്ക് തള്ളിവിടുമോ എന്ന ആശങ്കയിലാണ് നിക്ഷേപകർ. 94.97 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം തുടങ്ങിയത്. ഇന്ത്യ തങ്ങളുടെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നതിനാൽ, വിലയിലെ കുതിച്ചുചാട്ടം രാജ്യത്തിന്റെ ഇറക്കുമതി ചെലവ് ഗണ്യമായി വർധിപ്പിക്കും. ഇത് ഡോളറിനുള്ള ആവശ്യം വർധിപ്പിക്കുകയും വിദേശ സ്ഥാപന നിക്ഷേപകർ ഇന്ത്യൻ ഇക്വിറ്റി, ബോണ്ട് വിപണികളിൽ നിന്ന് പിൻവലിയാൻ കാരണമാവുകയും ചെയ്തേക്കാം.
കഴിഞ്ഞ മെയ് മാസത്തിൽ ഡോളറിനെതിരെ 96.96 എന്ന റെക്കോഡ് താഴ്ന്ന നിലയിലേക്ക് രൂപ എത്തിയിരുന്നുവെങ്കിലും റിസർവ് ബാങ്കിന്റെ (ആർബിഐ) ശക്തമായ ഇടപെടലുകളാണ് രൂപയെ പിന്നീട് കരകയറ്റിയത്. വെള്ളിയാഴ്ച വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് 200 കോടി ഡോളറിലധികം പിൻവലിച്ചിരുന്നു. മെയ് 22-ന് അവസാനിച്ച ആഴ്ചയിലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 68,100 കോടി ഡോളറായി കുറഞ്ഞത് ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ്. വിപണിയിലെ ഈ അസ്ഥിരതകൾക്കിടയിൽ, രൂപയുടെ മൂല്യത്തകർച്ച തടയാൻ ആർബിഐ വീണ്ടും ഇടപെടലുകൾ നടത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. വരും ആഴ്ചകളിൽ രൂപയുടെ മൂല്യം 96.20 രൂപ നിലവാരം വരെ ഇടിയാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ സൂചിപ്പിക്കുന്നു.