ലണ്ടന്‍: നീണ്ട 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ആഴ്സണല്‍ ഫുട്ബോള്‍ ടീമിന് വടക്കന്‍ ലണ്ടന്‍ തെരുവുകളില്‍ ആരാധകരുടെ വന്‍ വരവേല്‍പ്പ്. ശനിയാഴ്ച രാത്രി നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ പാരീസ് സെന്റ് ഷെര്‍മൈനോട് പരാജയപ്പെട്ടതിന്റെ നിരാശ നിലനിന്നെങ്കിലും, പ്രീമിയര്‍ ലീഗ് കിരീടനേട്ടത്തിന്റെ ആവേശത്തില്‍ പതിനായിരക്കണക്കിന് ആരാധകരാണ് വിജയഘോഷയാത്രയില്‍ പങ്കുചേരാന്‍ തെരുവുകളിലേക്ക് ഒഴുകിയെത്തിയത്.
ബുഡാപെസ്റ്റില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ ഫലമെന്തായാലും, ഈ സീസണ് ആഴ്സണലിനെ സംബന്ധിച്ച് ചരിത്രനേട്ടങ്ങളുടേതായിരുന്നു. 5.6 മൈല്‍ നീളമുള്ള വിജയഘോഷയാത്ര കടന്നുപോയ വഴികളില്‍ തങ്ങളുടെ പ്രിയപ്പെട്ട ടീമിന് പിന്തുണയേകാൻ ഏഴരലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയില്‍ ആരാധകര്‍ എത്തിയെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ കുറച്ചു സീസണുകളായി നേരിയ വ്യത്യാസത്തില്‍ കിരീടം കൈവിട്ടുപോയിരുന്ന ആഴ്സണലിന്, ഒടുവില്‍ രണ്ടാം സ്ഥാനക്കാരുടെ ശാപം മാറ്റിയെടുക്കാന്‍ ഈ വിജയത്തിലൂടെ സാധിച്ചു.
രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ഏഴ് പോയിന്റുകള്‍ മുന്നിലെത്തിയാണ് ഗണ്ണേഴ്സ് ഇത്തവണ പ്രീമിയര്‍ ലീഗ് കിരീടം ചൂടിയത്. ലണ്ടന്‍ നഗരത്തില്‍ ആഴ്സണല്‍ താരങ്ങള്‍ സഞ്ചരിച്ച ബസ് കടന്നുപോയപ്പോള്‍ പ്രിയതാരങ്ങളെ ഒരുനോക്ക് കാണാന്‍ കെട്ടിടങ്ങളുടെ ജാലകപ്പടികളിലും ബസ് സ്റ്റോപ്പുകള്‍ക്ക് മുകളിലും ആരാധകര്‍ തടിച്ചുകൂടി. ആരാധകര്‍ ഉയര്‍ത്തിയ ആയിരക്കണക്കിന് ഫ്ലെയറുകളില്‍ നിന്നുള്ള ചുവന്ന പുക വടക്കന്‍ ലണ്ടന്റെ ആകാശത്തെ ചുവപ്പണിയിച്ചു. ഫെബ്രുവരിയില്‍ നടന്ന വിമന്‍സ് ചാമ്പ്യന്‍സ് കപ്പ് വിജയിച്ച ആഴ്സണല്‍ വനിതാ ടീമിനായുള്ള പ്രത്യേക ബസും ഈ വിജയഘോഷയാത്രയുടെ ഭാഗമായിരുന്നു. വനിതാ ടീമിന്റെ കിരീടനേട്ടവും പുരുഷ ടീമിന്റെ പ്രീമിയര്‍ ലീഗ് വിജയവും ഒന്നിച്ച് ആഘോഷമാക്കുകയാണ് ലണ്ടനിലെ ആരാധകര്‍.