സിംഗപ്പൂർ: ബി.ഡബ്ല്യു.എഫ് സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യക്ക് സമ്മിശ്ര ഫലങ്ങൾ. പുരുഷ ഡബിൾസിലും മിക്സഡ് ഡബിൾസിലും ഇന്ത്യൻ സഖ്യങ്ങൾ സെമിഫൈനലിൽ പ്രവേശിച്ചപ്പോൾ, സിംഗിൾസ് വിഭാഗത്തിൽ മത്സരിച്ച ഇന്ത്യൻ താരങ്ങളെല്ലാം പുറത്തായി. പുരുഷ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ സഖ്യമായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവർ അവസാന നാലിൽ ഇടംപിടിച്ചു.
ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ട വാശിയേറിയ ക്വാർട്ടർ പോരാട്ടത്തിൽ മലേഷ്യയുടെ കാങ് ഖായ് സിംഗ്, ആരോൺ തായ് സഖ്യത്തെയാണ് ഇന്ത്യൻ താരങ്ങൾ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് നഷ്ടമായ ശേഷം ശക്തമായി തിരിച്ചടിച്ചാണ് സാത്വിക്-ചിരാഗ് സഖ്യം വിജയം സ്വന്തമാക്കിയത്. സ്കോർ: 19-21, 21-17, 21-13. ശനിയാഴ്ച നടക്കുന്ന സെമിഫൈനലിൽ ദക്ഷിണ കൊറിയയുടെ എസ്.ജെ. സിയോ, ഡബ്ല്യു.എച്ച്. കിം സഖ്യമാണ് ഇവരുടെ എതിരാളികൾ.
മിക്സഡ് ഡബിൾസിൽ ധ്രുവ് കപില, തനിഷ ക്രാസ്റ്റോ സഖ്യവും സെമിഫൈനലിലേക്ക് മുന്നേറി. ക്വാർട്ടർ മത്സരത്തിനിടെ മലേഷ്യയുടെ ചെൻ ടാങ് ജീ, തോ ഈ വീ സഖ്യം പരിക്കേറ്റ് പിന്മാറിയതോടെയാണ് ഇന്ത്യൻ സഖ്യത്തിന് വിജയം ലഭിച്ചത്. ആദ്യ സെറ്റിൽ ഇന്ത്യൻ സഖ്യം 16-18 എന്ന നിലയിൽ പിന്നിൽ നിൽക്കുമ്പോഴായിരുന്നു മലേഷ്യൻ താരത്തിന് പരിക്കേറ്റത്. സെമിയിൽ ജപ്പാന്റെ എസ്. ഹൊബാര, വൈ. ഷിമോഗാമി സഖ്യത്തെയാണ് ഇവർ നേരിടുക. അതേസമയം, പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്ന ലക്ഷ്യ സെൻ ജപ്പാന്റെ കോകി വതനാബെയോട് പരാജയപ്പെട്ട് പുറത്തായി. ആദ്യ സെറ്റ് 21-19 ന് നഷ്ടപ്പെട്ട ലക്ഷ്യ സെൻ, രണ്ടാം സെറ്റ് 21-15 ന് നേടി തിരിച്ചുവന്നെങ്കിലും മൂന്നാം സെറ്റിൽ 21-15 എന്ന സ്കോറിന് പരാജയം സമ്മതിക്കുകയായിരുന്നു.