ന്യൂഡൽഹി: സ്മാർട്ട്ഫോൺ വിലയിലുണ്ടാകുന്ന തുടർച്ചയായ വർദ്ധനവ് ഇന്ത്യൻ വിപണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്. ജൂലൈ മുതൽ ഡിസംബർ വരെയുള്ള ഉത്സവകാല സീസണിൽ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിടുന്നവരിൽ പകുതിയലധികം പേരും വാങ്ങലുകൾ മാറ്റിവയ്ക്കാനോ അല്ലെങ്കിൽ സെക്കൻഡ് ഹാൻഡ് വിപണിയെ ആശ്രയിക്കാനോ സാധ്യതയുണ്ടെന്ന് ട്രാക്കിൻ ടെക്കും ടെക്ആർക്കും സംയുക്തമായി പുറത്തുവിട്ട പഠനം വ്യക്തമാക്കുന്നു. ഇത് രാജ്യത്തെ വാർഷിക സ്മാർട്ട്ഫോൺ വിൽപ്പനയിൽ 30 ശതമാനം വരെ ഇടിവുണ്ടാക്കിയേക്കാം.
ഈ പ്രതിസന്ധി ഇന്ത്യയിലെ മൊത്തം സ്മാർട്ട്ഫോൺ ഡിമാൻഡിന്റെ 54 ശതമാനത്തെ ബാധിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ആഗോളതലത്തിൽ സെമികണ്ടക്ടർ ചിപ്പുകളുടെയും മെമ്മറി ഘടകങ്ങളുടെയും വിലയിലുണ്ടായ വർദ്ധനവാണ് സ്മാർട്ട്ഫോണുകളുടെ വില കുത്തനെ ഉയരാൻ കാരണം. പ്രത്യേകിച്ച് 20,000 രൂപയിൽ താഴെ വിലയുള്ള എൻട്രി, ബജറ്റ് സെഗ്മെന്റ് ഹാൻഡ്സെറ്റുകളെയാണ് ഈ വിലക്കയറ്റം കാര്യമായി ബാധിച്ചത്. ഈ വിഭാഗത്തിൽ എട്ടു മുതൽ 12 ശതമാനം വരെ വില വർദ്ധനയുണ്ടായിട്ടുണ്ട്. മൊത്തം ഉൽപ്പാദനച്ചെലവിന്റെ 40 ശതമാനം വരെ മെമ്മറി ചെലവുകൾ മാത്രം വരുന്നതാണ് ഈ വിഭാഗത്തിലെ ഫോണുകളുടെ പ്രത്യേകത.
കൃത്രിമ ബുദ്ധി അഥവാ എഐ മേഖലയിലെ വലിയ നിക്ഷേപങ്ങൾ, രൂപയുടെ മൂല്യത്തകർച്ച, ലാഭക്ഷമതയ്ക്ക് മുൻഗണന നൽകുന്ന കമ്പനികളുടെ പുതിയ വിപണന തന്ത്രങ്ങൾ എന്നിവയാണ് വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമെ, വായ്പ തിരിച്ചടവിലെ വീഴ്ചകൾ കാരണം ധനകാര്യ സ്ഥാപനങ്ങൾ വായ്പ അനുവദിക്കുന്നതിൽ കർശനമായ നിലപാട് സ്വീകരിക്കുന്നതും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്നുണ്ട്. ഇത് വാങ്ങൽ ശേഷിയെ കാര്യമായി ബാധിക്കുകയും വിപണിയെ മന്ദഗതിയിലാക്കുകയും ചെയ്യും. അതേസമയം, ഈ സാഹചര്യം സെക്കൻഡ് ഹാൻഡ് വിപണിക്ക് വൻ കുതിപ്പേകുമെന്ന് റിപ്പോർട്ട് പറയുന്നു. പുതുക്കിയതോ ഉപയോഗിച്ചതോ ആയ സ്മാർട്ട്ഫോണുകളുടെ വിപണി ഈ വർഷം 30 മുതൽ 32 ദശലക്ഷം യൂണിറ്റുകളായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. താങ്ങാനാവുന്ന വിലയ്ക്ക് മികച്ച സാങ്കേതികവിദ്യ നൽകുന്ന ബ്രാൻഡുകൾക്കായിരിക്കും ഭാവിയിൽ വിപണിയിൽ നിലനിൽപ്പുണ്ടാകുക.