ബ്യൂനസ് ഐറിസ്: 2026 ഫിഫ ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായി ഇറങ്ങുന്ന അര്‍ജന്റീന തങ്ങളുടെ 26 അംഗ അന്തിമ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകന് ലയണല്‍ സ്കലോനി വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ, 2022-ലെ ഖത്തര്‍ ലോകകപ്പില്‍ ചരിത്രവിജയം നേടിയ വിശ്വസ്തരായ സീനിയര്‍ താരങ്ങളെത്തന്നെയാണ് ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്. ലയണല്‍ മെസ്സിയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന സംഘം ലോകഫുട്ബോളിലെ മികച്ച പ്രതിഭകളുടെ സംഗമഭൂമിയാണ്.
കരിയറിലെ ആറാം ലോകകപ്പിന് തയ്യാറെടുക്കുന്ന നായകന് ലയണല്‍ മെസ്സി തന്നെയാണ് ടീമിന്റെ കുന്തമുന. മുന്നേറ്റനിരയില്‍ ജൂലിയന്‍ അല്‍വാരസ്, ലൗട്ടാറോ മാര്‍ട്ടിനസ് എന്നിവര്‍ക്കൊപ്പം തിയാഗോ അല്‍മാഡയും യുവതാരം നിക്കോളാസ് പാസും അറ്റാക്കിംഗിന് കരുത്തേകും. എന്നാല്‍, ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ പൗലോ ഡിബാലയെ ഇത്തവണത്തെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പ്രതിരോധനിരയില്‍ നിക്കോളാസ് ഒട്ടാമെന്‍ഡിയുടെ അനുഭവസമ്പത്തിനൊപ്പം ക്രിസ്റ്റിയന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് എന്നിവര്‍ അണിനിരക്കും. ഗോള്‍വലയ്ക്ക് മുന്നില്‍ എമിലിയാനോ മാര്‍ട്ടിനെസ് തന്നെയായിരിക്കും പ്രധാന ഗോള്‍കീപ്പര്‍.
മധ്യനിരയില്‍ റോഡ്രിഗോ ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, അലക്സിസ് മക് അലിസ്റ്റര്‍ എന്നിവരുടെ സാന്നിധ്യം ടീമിന് വലിയ ആത്മവിശ്വാസം നല്കുന്നു. വരാനിരിക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് ‘ജെ’യിലാണ് അര്‍ജന്റീന മത്സരിക്കുന്നത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയ്ക്ക് വലിയ വെല്ലുവിളികള്‍ ഉണ്ടാകില്ലെന്നാണ് ഫുട്ബോള്‍ നിരീക്ഷകരുടെ വിലയിരുത്തല്‍.
അര്‍ജന്റീന ടീം:
ഗോള്‍കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ജെറോണിമോ റുള്ളി, ജുവാന്‍ മൂസ്സോ.
പ്രതിരോധനിര: ലിയാന്‍ഡ്രോ ബാലേര്‍ഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോണ്‍സാലോ മൊണ്ടിയല്‍, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഒട്ടാമെന്‍ഡി, ഫക്കൂണ്ടോ മെദീന, നവല്‍ മൊളീന.
മധ്യനിര: ലിയാന്‍ഡ്രോ പാരഡെസ്, റോഡ്രിഗോ ഡി പോള്‍, വാലന്റൈന്‍ ബാര്‍ക്കോ, ജിയോവാനി ലോ സെല്‍സോ, എസക്വെല്‍ പാലാസിയോസ്, അലക്സിസ് മക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്.
മുന്നേറ്റനിര: ജൂലിയന്‍ അല്‍വാരസ്, ലയണല്‍ മെസ്സി, നിക്കോളാസ് ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ജൂലിയാനോ സിമിയോണി, നികോ പാസ്, ലൗട്ടാറോ മാര്‍ട്ടിനെസ്, ജോസ് മാനുവല്‍ ലോപസ്.