മഹാരാഷ്ട്ര: റായ്ഗഡ് ജില്ലയിലെ പോളാദ്പൂർ-മഹാബലേശ്വർ റോഡിലുള്ള അംബേനാലി ഘട്ടിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ പ്രശസ്ത മറാത്തി ടെലിവിഷൻ താരം മഹേഷ് പവാറും ഏഴ് സുഹൃത്തുക്കളും മരണപ്പെട്ടു. നിയന്ത്രണം വിട്ട കാർ ആയിരം അടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ‘അപ്പി ആംചി കളക്ടർ’ എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ 25-കാരനായ മഹേഷ് പവാർ ഉൾപ്പെടെ കാറിലുണ്ടായിരുന്ന എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരണത്തിന് കീഴടങ്ങി.
മരണപ്പെട്ടവരെല്ലാം 19-നും 35-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. മഹേഷ് പവാറിനെ കൂടാതെ സത്താറ സ്വദേശികളായ റിതേഷ് ലോഖണ്ഡെ, സുഹാസ് ലോഖണ്ഡെ, ഉത്കർഷ് ഷിംഗ്തെ, നിഖിൽ ഷിംഗ്തെ, ആദിത്യ സാലുങ്കെ, രാജേഷ് കട്കർ, രത്നഗിരി സ്വദേശിയായ അൻഷ് ചവാൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ദാപോളിയിലെ ഹാർണെയിൽ നിന്നും സത്താറയിലേക്ക് യാത്ര തിരിച്ച ഇവർ ലക്ഷ്യസ്ഥാനത്ത് എത്താതിരുന്നതിനെ തുടർന്ന് ആശങ്കാകുലരായ കുടുംബാംഗങ്ങൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാക്കളുടെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ പോളാദ്പൂരിനടുത്ത് കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെ അംബേനാളി ഘട്ട് മേഖലയിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് കൊക്കയിൽ തകർന്ന നിലയിൽ കാർ കണ്ടെത്തിയത്. വാഹനം ഓടിച്ചിരുന്നയാൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. നാടിനെ നടുക്കിയ ഈ ദാരുണ സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അനുശോചനം രേഖപ്പെടുത്തി.