കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര കലഹം വീണ്ടും രൂക്ഷമാകുന്നു. നടൻ ടിനി ടോം ഉൾപ്പെടെയുള്ളവർക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ ചർച്ച നടത്താൻ സംഘടന ഒടുവിൽ തയ്യാറായിട്ടുണ്ട്. ജൂൺ ആദ്യവാരത്തിൽ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിക്കാൻ നേതൃത്വം അൻസിബയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ മാസം 21-ന് നടക്കാനിരിക്കുന്ന സംഘടനയുടെ ജനറൽ ബോഡി യോഗത്തിന് മുൻപായി പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കാനാണ് നിലവിലെ ഭരണസമിതിയുടെ ശ്രമം.
എന്നാൽ, സംഘടനയുടെ നിർദ്ദേശത്തോട് കടുത്ത നിബന്ധനകളോടെയാണ് അൻസിബ പ്രതികരിച്ചിരിക്കുന്നത്. ‘അമ്മ’യുടെ നിലവിലെ ഭാരവാഹികൾക്ക് മുന്നിൽ തന്റെ പരാതികൾ അവതരിപ്പിക്കാൻ താൻ തയ്യാറല്ലെന്ന് താരം വ്യക്തമാക്കി. താൻ ഉന്നയിക്കുന്ന വിഷയങ്ങൾ കേൾക്കാൻ സംഘടനയ്ക്കുള്ളിൽ ഒരു നിഷ്പക്ഷ സമിതി രൂപീകരിക്കണമെന്നാണ് നടിയുടെ പ്രധാന ആവശ്യം.
രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവതി എന്നിവർ ഉൾപ്പെടുന്ന ഒരു പ്രത്യേക സമിതിയെ നിയോഗിച്ചാൽ മാത്രമേ പരാതിയിലെ വിവരങ്ങൾ വെളിപ്പെടുത്തൂ എന്ന ഉറച്ച നിലപാടിലാണ് അൻസിബ. നടിയുടെ ഈ പുതിയ ആവശ്യത്തോട് ‘അമ്മ’ നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നും, വരാനിരിക്കുന്ന ജനറൽ ബോഡി യോഗത്തിൽ ഇത് എത്തരത്തിൽ ചർച്ചയാകുമെന്നുമാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.