സംസ്ഥാനത്ത്: സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന് 1,14,440 രൂപയും, ഒരു ഗ്രാമിന് 14,305 രൂപയുമാണ് വിപണിയിലെ നിരക്ക്. ഇന്നലെ രാവിലെ 1,16,080 രൂപയുണ്ടായിരുന്ന സ്വർണവില, രാത്രിയോടെ 1,15,000 രൂപയിലേക്ക് താഴ്ന്നിരുന്നു. നിലവിലെ വിപണി മാറ്റങ്ങൾക്കിടയിലാണ് സ്വർണവിലയിൽ വലിയ കുറവ് അനുഭവപ്പെടുന്നത്.
രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,374.03 ഡോളറാണ് നിലവിലെ വില. ബുധനാഴ്ചയോടെ സ്വർണവില ഏകദേശം രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. മാർച്ച് 30-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലേക്ക് ഇടിഞ്ഞ ശേഷം, ട്രോയ് ഔൺസിന് 1.3 ശതമാനം കുറഞ്ഞ് 4,450.09 ഡോളറിലെത്തി. ജൂണിലെ ഡെലിവറിക്കുള്ള യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 1.2 ശതമാനം ഇടിഞ്ഞ് 4,448.90 ഡോളറിലും എത്തിനിൽക്കുന്നു.
മിഡിൽ ഈസ്റ്റ് സംഘർഷമാണ് പ്രധാനമായും സ്വർണവിലയിൽ ഇടിവുണ്ടാക്കുന്നത്. ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധം ആരംഭിച്ചതുമുതൽ ബുള്ളിയൻ വിപണി കടുത്ത സമ്മർദ്ദത്തിലാണ്. ലോകത്തിലെ എണ്ണ വിതരണത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത് ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ 31 ശതമാനം വർദ്ധനവിന് കാരണമായി. ഈ സാഹചര്യം പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നും, ഇതിനെത്തുടർന്ന് ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് ഉയർത്തുമെന്നുമുള്ള പ്രതീക്ഷകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. പണപ്പെരുപ്പം തടയാൻ കർശനമായ ധനനയങ്ങൾ ഉണ്ടാകുമെന്ന സൂചനകളും നിക്ഷേപകർ ഗൗരവത്തോടെയാണ് കാണുന്നത്.