ടെക്നോളജി ഡെസ്ക്: ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. സാങ്കേതിക തകരാറുകൾ മൂലം ഫോണിന്റെ വൻതോതിലുള്ള ഉത്പാദനം പ്രതിസന്ധിയിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേരത്തെ ഹിഞ്ച് ഡിസൈനുമായി ബന്ധപ്പെട്ട ഗുണനിലവാര പരിശോധനയിൽ ഉപകരണം പരാജയപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെ, പ്രീ-അസംബ്ലി ഘട്ടത്തിൽ നേരിടുന്ന സർഫേസ്-മൗണ്ട് സാങ്കേതിക പ്രശ്നങ്ങളാണ് കമ്പനിയെ ഇപ്പോൾ കൂടുതൽ വലയ്ക്കുന്നതെന്നാണ് ചൈനീസ് ടിപ്സ്റ്റർമാരുടെ വെളിപ്പെടുത്തൽ.
വരുന്ന സെപ്റ്റംബറിൽ ഐഫോൺ 18 പ്രോ സീരീസിനൊപ്പം ഫോൾഡബിൾ ഐഫോൺ അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ സജീവമായിരുന്നു. എന്നാൽ, ലോഞ്ച് തീയതി സംബന്ധിച്ച് ആപ്പിൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ‘ഐഫോൺ അൾട്ര’ എന്ന പേരിലാകും ഈ ഉപകരണം വിപണിയിലെത്തുകയെന്നും, ഇതിന് 2000 ഡോളറിന് മുകളിൽ വില പ്രതീക്ഷിക്കാമെന്നുമാണ് പുറത്തുവരുന്ന വിവരം.
ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഡിസൈനിൽ എത്തുന്ന ഫോണിന് 7.8 ഇഞ്ച് പ്രധാന സ്ക്രീനും 5.5 ഇഞ്ച് പുറം സ്ക്രീനും ഉണ്ടായിരിക്കും. ഫേസ് ഐഡിക്ക് പകരം സൈഡ്-മൗണ്ടഡ് ടച്ച് ഐഡി സംവിധാനമായിരിക്കും ഇതിൽ ഉൾപ്പെടുത്തുക. 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും 48 മെഗാപിക്സൽ അൾട്രാ-വൈഡ് സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണവും പ്രതീക്ഷിക്കുന്നു. പുതിയ എ20 പ്രോ ചിപ്പ്, 12 ജിബി റാം, 1 ടിബി സ്റ്റോറേജ്, 5,400 മുതൽ 5,800 എംഎഎച്ച് വരെ ശേഷിയുള്ള കരുത്തൻ ബാറ്ററി എന്നിവയായിരിക്കും ഫോണിന്റെ പ്രധാന പ്രത്യേകതകൾ. ഇ-സിം മാത്രം പിന്തുണയ്ക്കുന്ന രീതിയിലാകും ഇതിന്റെ പ്രവർത്തനമെന്നും സൂചനയുണ്ട്.