ന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും തടയുന്നതിനുള്ള കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) കൂടുതൽ ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഏജൻസിയുടെ പ്രവർത്തനം കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിനായി സമഗ്രമായ പുനഃസംഘടനയ്ക്കാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.
പുനഃസംഘടന പൂർത്തിയാകുന്നതോടെ കള്ളപ്പണക്കേസുകളിലെ അന്വേഷണം വേഗത്തിലാക്കാനും, കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടൽ, ശിക്ഷാനടപടികൾ എന്നിവ ത്വരിതപ്പെടുത്താനും ഇഡിക്ക് സാധിക്കും. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ നടന്ന പരിശോധനയ്ക്കിടെ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ അക്രമമുണ്ടായ അതേദിവസം തന്നെയാണ് ഏജൻസിയെ ശക്തിപ്പെടുത്തുന്ന നടപടികൾ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത് എന്നത് ശ്രദ്ധേയമാണ്.
എക്സിക്യൂട്ടീവ്, ലീഗൽ, അഡ്ജുഡിക്കേഷൻ, മിനിസ്റ്റീരിയൽ, സിസ്റ്റംസ്, സെക്യൂരിറ്റി, സപ്പോർട്ട് സ്റ്റാഫ് തുടങ്ങി വിവിധ കേഡറുകളിലെ പദവികളിലാണ് വിപുലമായ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. എക്സിക്യൂട്ടീവ് വിഭാഗത്തിൽ അഡീഷണൽ ഡയറക്ടർമാർ 10-ൽ നിന്നും 24 ആയും, ജോയിന്റ് ഡയറക്ടർമാർ 28-ൽ നിന്നും 49 ആയും, ഡെപ്യൂട്ടി ഡയറക്ടർമാർ 148-ൽ നിന്നും 267 ആയും, അസിസ്റ്റന്റ് ഡയറക്ടർമാർ 255-ൽ നിന്നും 531 ആയും ഉയർത്തി. എൻഫോഴ്സ്മെന്റ് ഓഫീസർമാരുടെ തസ്തിക 355-ൽ നിന്ന് 606 ആയും, അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസർമാരുടേത് 425-ൽ നിന്ന് 803 ആയും വർദ്ധിപ്പിച്ചു. എന്നാൽ, ഇഡി ഡയറക്ടറുടെ ഏക തസ്തികയിലും ഏഴ് സ്പെഷ്യൽ ഡയറക്ടർ പദവികളിലും മാറ്റമില്ലാതെ തുടരും.
നിയമ വിഭാഗത്തിൽ അഡീഷണൽ ഡയറക്ടർമാർ (പ്രോസിക്യൂഷൻ) ഒന്നിൽ നിന്ന് ഏഴായും, ഡെപ്യൂട്ടി ലീഗൽ അഡൈ്വസർമാർ 7-ൽ നിന്ന് 18 ആയും, അസിസ്റ്റന്റ് ലീഗൽ അഡൈ്വസർമാർ 18-ൽ നിന്ന് 36 ആയും വർദ്ധിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള വിധിനിർണ്ണയ പ്രക്രിയകൾ സുഗമമാക്കാൻ അഡ്ജുഡിക്കേഷൻ വിഭാഗത്തിൽ പുതിയ തസ്തികകൾ സൃഷ്ടിച്ചു. മിനിസ്റ്റീരിയൽ, സപ്പോർട്ട് സ്റ്റാഫ് വിഭാഗങ്ങളിലും സമാനമായ രീതിയിൽ നിയമനങ്ങളും തസ്തിക വർദ്ധനവും നടപ്പിലാക്കി വരുന്നുണ്ട്. ചില സാങ്കേതിക തസ്തികകളുടെ എണ്ണം നിലനിർത്തിക്കൊണ്ടുതന്നെ അവയുടെ ശമ്പള നിരക്കുകളിൽ പരിഷ്കരണങ്ങൾ വരുത്തിയിട്ടുമുണ്ട്.