കച്ച്: രാജ്യത്തെ നടുക്കി ഗുജറാത്തിലെ മുന്ദ്ര തീരത്ത് വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയിൽ 1,150 കോടി രൂപ വിലമതിക്കുന്ന 115 കിലോഗ്രാം കൊക്കെയ്ൻ സുരക്ഷാ സേന പിടിച്ചെടുത്തു. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും (ATS) സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് വൻ ലഹരിശേഖരം കണ്ടെടുത്തത്.
മേയ് 25, 26 തീയതികളിൽ കടലിൽ വെച്ചായിരുന്നു ഈ രഹസ്യ ഓപ്പറേഷൻ നടത്തിയത്. പാകിസ്ഥാനിലെ പോർട്ട് ഖാസിമിൽ നിന്നും പുറപ്പെട്ട, ഒരു യൂറോപ്യൻ രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള കണ്ടെയ്നർ കപ്പൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കപ്പൽ വളഞ്ഞ് നടത്തിയ പരിശോധനയിലാണ് കോടികൾ വിലമതിക്കുന്ന ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ഇന്ത്യയുടെ പടിഞ്ഞാറൻ സമുദ്രാതിർത്തിയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണിത്.
സംഭവവുമായി ബന്ധപ്പെട്ട് കപ്പലിലുണ്ടായിരുന്ന ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ലഹരിക്കടത്തിന് പിന്നിലെ സൂത്രധാരന്മാരെ കണ്ടെത്താനും, ഇത് ആർക്കുവേണ്ടിയാണ് എത്തിച്ചതെന്ന് വ്യക്തമാക്കാനുമായി വിവിധ ഏജൻസികൾ സംയുക്തമായി വിപുലമായ അന്വേഷണം ആരംഭിച്ചു. കൂടുതൽ പരിശോധനകൾക്കായി കപ്പൽ നിലവിൽ തുറമുഖത്തേക്ക് മാറ്റിയിരിക്കുകയാണ്. ചരക്കിന്റെ ഉറവിടം, സഞ്ചരിച്ച വഴി എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ വലിയ കൊക്കെയ്ൻ വേട്ടയാണിത്. ഇതിനുമുമ്പ് മുംബൈ വിമാനത്താവളം കേന്ദ്രീകരിച്ച് രണ്ട് വലിയ ലഹരിക്കടത്തുകൾ പിടികൂടിയിരുന്നു. മേയ് 23-ന് എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്നും മുംബൈയിലെത്തിയ ദമ്പതികളെ പരിശോധിച്ചപ്പോൾ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1.40 കിലോഗ്രാം കൊക്കെയ്ൻ ഗുളികകൾ കണ്ടെത്തിയിരുന്നു. കൂടാതെ, മേയ് 19-ന് സമാനമായ റൂട്ടിൽ മുംബൈയിലെത്തിയ ആഫ്രിക്കൻ സ്വദേശികളിൽ നിന്നും 4.25 കോടി രൂപ വിലവരുന്ന കൊക്കെയ്ൻ പിടികൂടിയിരുന്നു. വിമാനത്താവളങ്ങൾ വഴിയുള്ള ലഹരിക്കടത്തുകൾക്ക് പിന്നാലെയാണ് ഇപ്പോൾ സമുദ്രമാർഗ്ഗം എത്തിയ വൻ ലഹരിശേഖരം സുരക്ഷാസേനയുടെ പിടിയിലായത്.