ബെംഗളൂരു: ഐ.പി.എല്‍ 2026 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമില്‍ നിന്ന് താന്‍ വിട്ടുനിന്നത് വ്യക്തിപരമായ കാരണങ്ങളാലല്ല, മറിച്ച് മാനേജ്മെന്റിന്റെ തീരുമാനപ്രകാരമായിരുന്നുവെന്ന് വെളിപ്പെടുത്തി പേസര്‍ യഷ് ദയാല്‍. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. ടീമില്‍ നിന്ന് തന്നെ പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടില്ലെന്ന് വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നതെന്നും, പകരക്കാരനെ കണ്ടെത്താന്‍ ടീം ശ്രമിക്കാത്തത് തന്നിലുള്ള വിശ്വാസം കൊണ്ടാകാം എന്നും യഷ് ദയാല്‍ പറഞ്ഞു.
താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ, വ്യക്തിപരമായ കാരണങ്ങളാലാണ് ദയാല്‍ കളിക്കാത്തതെന്ന് ആര്.സി.ബി ക്രിക്കറ്റ് ഡയറക്ടര്‍ മോ ബോബറ്റ് നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മത്സരങ്ങള്‍ ടി.വിയില്‍ കാണുമ്പോള്‍ വലിയ വിഷമം തോന്നാറുണ്ടെന്നും മാനേജ്മെന്റുമായും ദിനേഷ് കാര്‍ത്തിക് അടക്കമുള്ള മുതിര്‍ന്ന താരങ്ങളുമായും ഇപ്പോഴും ആശയവിനിമയം നടത്താറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സീസണില്‍ ആര്.സി.ബി കന്നി കിരീടം നേടിയപ്പോള്‍ ബൗളിങ് നിരയിലെ പ്രധാന കരുത്തായിരുന്നു യഷ് ദയാല്‍.
താരത്തിന്റെ കരിയറിന് കടുത്ത പ്രതിസന്ധിയായത് ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളാണ്. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ ഗാസിയാബാദില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹാബാദ് ഹൈക്കോടതിയില്‍ നിന്ന് യഷ് ദയാലിന് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ആശ്വാസം ലഭിച്ചിരുന്നു. എന്നാല്‍, ജയ്പൂരിലെ സാംഗനീര്‍ സദര്‍ പോലീസ് സ്റ്റേഷനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്കിയ പോക്സോ കേസില്‍ ഈ സംരക്ഷണം ലഭിച്ചിട്ടില്ല. ഐ.പി.എല്‍ മത്സരത്തിനിടെ പരിചയപ്പെട്ട താരം ക്രിക്കറ്റ് കരിയറില്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടു വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് പരാതി. നിയമപരമായ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം യു.പി ടി20 ലീഗില്‍ ഗോരഖ്പൂര്‍ ലയണ്‍സ് ടീമിലെത്തിയിട്ടും ദയാലിന് കളിക്കാന്‍ സാധിച്ചിരുന്നില്ല.