ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, രാജ്യത്തെ വിമാന സർവീസുകൾക്കായി കർശനമായ എബോള പ്രോട്ടോകോൾ പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. രോഗവ്യാപനം തടയുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിമാനത്താവളങ്ങളിലും വിമാനങ്ങൾക്കുള്ളിലും കർശനമായ നിയന്ത്രണങ്ങളാണ് മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്.
കോംഗോ, ഉഗാണ്ട തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാർക്കും ഇനി മുതൽ ‘സെൽഫ് ഡിക്ലറേഷൻ’ ഫോം സമർപ്പിക്കൽ നിർബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രവും നിലവിലെ ആരോഗ്യ വിവരങ്ങളും യാത്രക്കാർ വിമാനമിറങ്ങുന്നതിന് മുൻപ് തന്നെ അധികൃതർക്ക് കൈമാറണം. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകൾ എത്തുന്നത് വഴി വൈറസ് രാജ്യത്തേക്ക് കടക്കാതിരിക്കാൻ ലക്ഷ്യമിട്ടുള്ള മുൻകരുതലാണിത്.
യാത്രയ്ക്കിടയിൽ ഏതെങ്കിലും യാത്രക്കാരന് രോഗലക്ഷണങ്ങൾ പ്രകടമായാൽ, അവരെ ഉടനടി മാറ്റുന്നതിനായി വിമാനത്തിന്റെ ഏറ്റവും പിന്നിലായി പ്രത്യേക ‘ഐസൊലേഷൻ സീറ്റുകൾ’ സജ്ജീകരിക്കണമെന്ന് പുതിയ പ്രോട്ടോകോളിൽ വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങളുള്ള യാത്രക്കാരുമായി എത്തുന്ന വിമാനങ്ങൾ സാധാരണ ടെർമിനലുകൾക്ക് പകരം വിമാനത്താവളങ്ങളിലെ പ്രത്യേക ‘ഐസോലേറ്റഡ് ബേകളിൽ’ മാത്രമേ പാർക്ക് ചെയ്യാൻ അനുവദിക്കൂ. അത്തരം വിമാനങ്ങളിലെ യാത്രക്കാരെ ഇറക്കിയ ശേഷം വിമാനം പൂർണ്ണമായും അണുവിമുക്തമാക്കണമെന്നും വ്യോമയാന മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.