തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 115.32 രൂപയായും ഡീസൽ വില 104.41 രൂപയായും ഉയർന്നു. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ഇന്ധനവില വർധന സാധാരണക്കാരായ ജനങ്ങൾക്ക് വലിയ ബാധ്യതയാവുകയാണ്. മെയ് 15-ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വർധിപ്പിച്ചിരുന്നു. തുടർന്ന് മെയ് 19-ന് 90 പൈസയും, മെയ് 23-ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വീതം വർധിപ്പിച്ചു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും വില ഉയർത്തിയിരിക്കുന്നത്.
ഒരു ബാരൽ ക്രൂഡ് ഓയിൽ വില നിലവിൽ 100 ഡോളറിന് താഴെയാണെങ്കിലും, ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിൽ കടന്നപ്പോൾ ഉണ്ടായ നഷ്ടം നികത്തുന്നതിനാണ് വില വർധിപ്പിക്കുന്നതെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ വിശദീകരണം. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളും ഇന്ധനവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. തുടർച്ചയായുണ്ടാകുന്ന ഈ വിലവർധനവ് ഗതാഗത ചെലവുകൾ വർധിക്കുന്നതിനും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും വഴിവെക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.