ഭട്കൽ: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുള്ള ഭട്കൽ വെങ്കടാപുര ആൽവെക്കോടി അഴിമുഖത്ത് കക്ക ശേഖരിക്കാൻ ഇറങ്ങിയ പത്ത് പേർ മുങ്ങി മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ ഒരേ കുടുംബത്തിൽപ്പെട്ടവരാണ്. അപകടത്തിൽപ്പെട്ടവരിൽ ഏഴ് പേർ സ്ത്രീകളാണ്. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെടുത്തിയ മൂന്ന് പേരെ വിദഗ്ധ ചികിത്സയ്ക്കായി മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി. അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് സൂപ്രണ്ട് ദീപൻ അറിയിച്ചു.
ലക്ഷ്മി മാദേവ് നായിക്, ലക്ഷ്മി ശിവറാം നായിക്, മാലതി ജട്ടപ്പ നായിക്, മസ്തമ്മ മഞ്ജുനാഥ് നായിക്, ലക്ഷ്മി അന്നപ്പ നായിക്, ജ്യോതി നായിക്, ഉമേഷ് മഞ്ജുനാഥ് നായിക് എന്നിവരുൾപ്പെടെ പത്ത് പേരാണ് മരണപ്പെട്ടത്. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
രാവിലെ കക്ക ശേഖരിക്കുന്നതിനായി സംഘം പുഴയിലേക്ക് ഇറങ്ങുമ്പോൾ ജലനിരപ്പ് കുറവായിരുന്നു. എന്നാൽ, ഇവർ പുഴയിലിറങ്ങിയ സമയത്ത് അപ്രതീക്ഷിതമായി ശക്തമായ വേലിയേറ്റം ഉണ്ടാവുകയും നിമിഷങ്ങൾക്കുള്ളിൽ ജലനിരപ്പ് അതിവേഗം ഉയരുകയുമായിരുന്നു. പ്രദേശവാസികൾക്ക് പുറമെ ഫയർ ആൻഡ് റെസ്ക്യൂ ടീം, സ്കൂബ ഡൈവർമാർ, പോലീസ് എന്നിവർ സംയുക്തമായാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്.