വാഷിംഗ്ടണ്: വൈറ്റ് ഹൗസ് സുരക്ഷാ ചെക്ക്പോസ്റ്റിന് സമീപം ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത അക്രമി സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് പ്രാദേശിക സമയം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രാഥമിക അന്വേഷണത്തിൽ, ചെക്ക്പോസ്റ്റിന് സമീപമെത്തിയ അക്രമി ബാഗിൽ നിന്ന് ആയുധമെടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് യു.എസ് സീക്രട്ട് സർവീസ് അറിയിച്ചു.
ഉടൻ തന്നെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തിരിച്ചടിക്കുകയും അക്രമിക്ക് വെടിയേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇയാളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വെടിവെപ്പിൽ വഴിയാത്രക്കാരനായ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇയാൾക്ക് അക്രമിയുടെ വെടിയേറ്റതാണോ അതോ ഉദ്യോഗസ്ഥർ തിരിച്ചു വെടിവെച്ചപ്പോൾ കൊണ്ടതാണോ എന്ന് വ്യക്തമല്ല. സംഭവസമയത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പൂർണ്ണ സുരക്ഷിതനാണെന്നും അധികൃതർ വ്യക്തമാക്കി. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കില്ല.
വെടിയൊച്ച കേട്ടതിനെ തുടർന്ന് വൈറ്റ് ഹൗസിൽ ജോലിയിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് പ്രസ് ബ്രീഫിംഗ് റൂമിലേക്ക് മാറാൻ സുരക്ഷാ ജീവനക്കാർ നിർദ്ദേശം നൽകി. വൈറ്റ് ഹൗസിന് ഒരു ബ്ലോക്ക് അകലെയുള്ള 17-ാം സ്ട്രീറ്റിലും പെൻസിൽവാനിയ അവന്യൂവിലും വെടിവെപ്പ് നടന്നതായി വിവരമുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സീക്രട്ട് സർവീസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. വെടിവെപ്പ് നടന്ന സ്ഥലത്തെ സുരക്ഷാ നടപടികൾ തുടരുകയാണെന്നും വിവരങ്ങൾ അപ്പപ്പോൾ പൊതുജനങ്ങളെ അറിയിക്കുമെന്നും എഫ്.ബി.ഐ അറിയിച്ചു. വൈറ്റ് ഹൗസ് കോംപ്ലക്സിന് തൊട്ടുപുറത്തുള്ള ഫുട്പാത്തിൽ വെടിവെപ്പ് നടന്നതിന്റെ തെളിവുകൾ വ്യക്തമായിരുന്നു. പ്രദേശം മഞ്ഞ ക്രൈം സീൻ ടേപ്പ് ഉപയോഗിച്ച് വളയുകയും സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിക്കുകയും ചെയ്തു.