വാഷിംഗ്ടൺ: വൈറ്റ് ഹൗസ് സുരക്ഷാ ചെക്ക്പോസ്റ്റിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത അക്രമി സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. ചെക്ക്പോസ്റ്റിന് സമീപമെത്തിയ അക്രമി ബാഗിൽ നിന്ന് ആയുധമെടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് യു.എസ് സീക്രട്ട് സർവീസ് സ്ഥിരീകരിച്ചു. ഉടൻ തന്നെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തിരിച്ചടിക്കുകയും അക്രമിക്ക് വെടിയേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെടിവെപ്പിൽ വഴിയാത്രക്കാരനായ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവസമയത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം പൂർണ്ണ സുരക്ഷിതനാണെന്നും സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. വെടിയൊച്ച കേട്ടതിനെത്തുടർന്ന് വൈറ്റ് ഹൗസിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് പ്രസ് ബ്രീഫിംഗ് റൂമിനുള്ളിലേക്ക് മാറാൻ സുരക്ഷാ ജീവനക്കാർ നിർദ്ദേശം നൽകി. വൈറ്റ് ഹൗസിന് ഒരു ബ്ലോക്ക് അകലെയുള്ള 17-ാം സ്ട്രീറ്റിലും പെൻസിൽവാനിയ അവന്യൂവിലും വെടിവെപ്പ് നടന്നതായി വിവരമുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സീക്രട്ട് സർവീസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കിയതനുസരിച്ച്, വെടിവെപ്പ് നടന്ന സ്ഥലത്തെ സുരക്ഷാ നടപടികൾ കർശനമായി തുടരുകയാണ്.
വൈറ്റ് ഹൗസ് പരിസരത്ത് അടുത്തിടെയുണ്ടാകുന്ന മൂന്നാമത്തെ വലിയ സുരക്ഷാ പ്രതിസന്ധിയാണിത്. കഴിഞ്ഞ നവംബറിൽ ഇതേ സ്ഥലത്തിനടുത്ത് നടന്ന വെടിവെപ്പിൽ വെസ്റ്റ് വെർജീനിയ നാഷണൽ ഗാർഡിലെ സാറാ ബെക്സ്ട്രോം കൊല്ലപ്പെടുകയും ആൻഡ്രൂ വുൾഫ് എന്ന ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ, ഏപ്രിൽ 25-ന് വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഡിന്നറിനിടെ പ്രസിഡന്റ് ട്രംപിനെ വധിക്കാൻ ശ്രമം നടന്നിരുന്നു. മേയ് 4-ന് വാഷിംഗ്ടൺ സ്മാരകത്തിന് സമീപം ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത ടെക്സസ് സ്വദേശിയായ മൈക്കൽ മാർക്സിനെയും സീക്രട്ട് സർവീസ് വെടിവെച്ചിട്ടിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സുരക്ഷാ വീഴ്ചകൾ അതീവ ഗൗരവമായാണ് അധികൃതർ കാണുന്നത്.