കൊൽക്കത്ത: പശ്ചിമ ബംഗാളിൽ റേഷൻ വിതരണത്തിലെ ക്രമക്കേടുകൾ തടയാനും വ്യാജ ഗുണഭോക്താക്കളെ കണ്ടെത്താനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കർശന നടപടികൾ ആരംഭിച്ചു. വോട്ടർ പട്ടികയിൽ നിന്ന് 90 ലക്ഷത്തോളം വ്യാജ വോട്ടർമാരെ ഒഴിവാക്കിയതിന് പിന്നാലെയാണ് റേഷൻ വിഹിതത്തിൽ തിരിമറി നടത്തുന്നവരെ കണ്ടെത്താൻ വിപുലമായ പരിശോധനയ്ക്ക് സർക്കാർ തുടക്കമിട്ടിരിക്കുന്നത്. ജൂൺ ഒന്നുമുതൽ സംസ്ഥാനത്ത് നിലവിൽ വരുന്ന പുതിയ ‘അന്നപൂർണ്ണ യോജന’ പദ്ധതിയുടെ മുന്നോടിയായി റേഷൻ ഡാറ്റാബേസ് പൂർണ്ണമായും ശുദ്ധീകരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ കർശന നിർദ്ദേശം നൽകി.
വനിതാ-ശിശു വികസന, സാമൂഹിക ക്ഷേമ വകുപ്പ് പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം, നിലവിലുള്ള ‘ലക്ഷ്മി ഭണ്ഡാർ’ പദ്ധതിക്ക് പകരമായാണ് സ്ത്രീകൾക്കായുള്ള ‘അന്നപൂർണ്ണ യോജന’ സാമ്പത്തിക സഹായ പദ്ധതി സർക്കാർ നടപ്പിലാക്കുന്നത്. മെയ് 19-ന് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയിരുന്നു. ലക്ഷ്മി ഭണ്ഡാർ പദ്ധതിയുടെ നിലവിലെ ഗുണഭോക്താക്കളിൽ നിന്ന് മരിച്ചവർ, താമസസ്ഥലം മാറിയവർ, വ്യാജന്മാർ എന്നിവരെ ഒഴിവാക്കി അർഹരായവരെ പുതിയ പദ്ധതിയിലേക്ക് മാറ്റും. ഈ വെരിഫിക്കേഷൻ നടപടികൾ മെയ് 25-നകം പൂർത്തിയാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
പുതിയ പദ്ധതി പ്രകാരം നിബന്ധനകൾക്ക് വിധേയമായി സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ ധനസഹായം ലഭിക്കും. 25-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് ഇതിന് അർഹതയുള്ളത്. സ്ഥിരം സർക്കാർ ജീവനക്കാർക്കോ, ശമ്പളവും പെൻഷനും വാങ്ങുന്നവർക്കോ ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കില്ല. കൂടാതെ, ആദായനികുതി അടയ്ക്കുന്നവരെയും പദ്ധതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.