ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്ന തമിഴ്നാടിന്റെ ഓൾറൗണ്ടർ വിജയ് ശങ്കർ അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. മുപ്പത്തിയഞ്ചാം വയസ്സിലാണ് താരം തന്റെ കരിയറിന് തിരശ്ശീലയിടുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വഴിയാണ് വിരമിക്കൽ സംബന്ധിച്ച നിർണ്ണായക വിവരം താരം പങ്കുവെച്ചത്. ഇന്ത്യയ്ക്ക് പുറത്തുള്ള വിവിധ ആഗോള ട്വന്റി-20 ലീഗുകളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് ഈ അപ്രതീക്ഷിത തീരുമാനം.
2019-ലെ ഏകദിന ലോകകപ്പ് ടീമിലേക്ക് അമ്പാട്ടി റായുഡുവിന് പകരം വിജയ് ശങ്കറിനെ തിരഞ്ഞെടുത്തപ്പോൾ അന്നത്തെ ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ് പ്രയോഗിച്ച ‘ത്രീ-ഡി ക്രിക്കറ്റർ’ എന്ന വിശേഷണം കരിയറിലുടനീളം താരത്തിന് വലിയ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും സമ്മാനിച്ചിരുന്നു. കരിയറിൽ നേരിട്ട കടുത്ത നെഗറ്റിവിറ്റികളെക്കുറിച്ച് താരം വിരമിക്കൽ കുറിപ്പിൽ വൈകാരികമായി പ്രതികരിച്ചു. ഭാവനകൾക്കും അപ്പുറമുള്ള വിദ്വേഷത്തെ കഠിനാധ്വാനം കൊണ്ട് മറികടക്കാൻ ക്രിക്കറ്റ് തന്നെ പഠിപ്പിച്ചെന്നും, അവസാനം ‘നന്ദി, നിങ്ങളുടെ 3ഡി ക്രിക്കറ്റർ’ എന്ന് കുറിച്ചാണ് താരം ആരാധകരോട് വിടപറഞ്ഞത്.
ഇന്ത്യയ്ക്കായി 12 ഏകദിനങ്ങളിലും 9 ട്വന്റി-20 മത്സരങ്ങളിലും പാഡണിഞ്ഞ താരം, കരിയറിലെ സുപ്രധാന ഓർമ്മകളും പങ്കുവെച്ചു. നാഗ്പൂരിൽ നടന്ന ഇന്ത്യയുടെ ചരിത്രപരമായ 500-ാം ഏകദിനത്തിൽ അവസാന ഓവർ എറിഞ്ഞ് വിജയം ഉറപ്പിച്ചതും, 2019 ലോകകപ്പിൽ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയതും പ്രിയപ്പെട്ട നിമിഷങ്ങളായി താരം അടയാളപ്പെടുത്തുന്നു. 2012-ൽ അരങ്ങേറിയ വിജയ് ശങ്കർ, 14 വർഷത്തെ കരിയറിൽ 77 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 13 സെഞ്ചുറികൾ ഉൾപ്പെടെ 4,253 റൺസും 43 വിക്കറ്റുകളും നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ പ്രമുഖ ഐപിഎൽ ഫ്രാഞ്ചൈസികൾക്കായി കളിച്ച താരം, ബിസിസിഐ, തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ, പരിശീലകർ, കുടുംബാംഗങ്ങൾ എന്നിവർക്കെല്ലാം നന്ദി അറിയിച്ചു.