തിരുവനന്തപുരം: സാങ്കേതിക രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടത്തിനൊരുങ്ങി കേരളം. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ ഇന്ത്യ എഐ മിഷനുമായി സഹകരിച്ച് സംസ്ഥാന സര്‍ക്കാര്‍ രണ്ട് അത്യാധുനിക എഐ സെന്റര്‍ ഓഫ് എക്സലന്‍സ് സെന്ററുകൾ സ്ഥാപിക്കും. കൊച്ചിയിലും തിരുവനന്തപുരത്തുമായി ആരംഭിക്കുന്ന ഈ പദ്ധതികള്‍ക്ക് 20 കോടി രൂപ വീതമാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തിന്റെ ജൈവ പൈതൃകവും ഡിജിറ്റല്‍ സംവിധാനങ്ങളും കോര്‍ത്തിണക്കിയുള്ള ഈ ഹബ്ബുകള്‍ ഇന്ത്യയുടെ എഐ ദൗത്യത്തില്‍ സംസ്ഥാനത്തിന് നിര്‍ണായക പങ്കാളിത്തം ഉറപ്പാക്കുമെന്ന് ഐടി, വ്യവസായ വകുപ്പ് അറിയിച്ചു.
കൊച്ചിയിലെ ഡിജിറ്റല്‍ ഹബ്ബില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലാണ് ബയോ-എഐ സെന്റര്‍ ഓഫ് എക്സലന്‍സ് വരുന്നത്. നേച്ചര്‍ മീറ്റ്സ് കമ്പ്യൂട്ട് എന്ന ആശയത്തിലൂന്നിയ ഈ പദ്ധതി, പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തെയും ആയുര്‍വേദ പൈതൃകത്തെയും അത്യാധുനിക ജീനോമിക്സുമായി ബന്ധിപ്പിക്കുന്നു. കുസാറ്റിലെ തേജസ്വി സൂപ്പര്‍ കമ്പ്യൂട്ടറിന്റെയും കേരള ജീനോം ഡാറ്റ സെന്ററിന്റെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തിനായി പ്രമുഖ വ്യവസായ കണ്‍സോര്‍ഷ്യങ്ങളും കൈകോര്‍ക്കുന്നുണ്ട്. നാല് വര്‍ഷത്തിനുള്ളില്‍ 48 ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്താനും, 1200 പ്രൊഫഷണലുകള്‍ക്ക് പരിശീലനം നല്‍കാനും, 40,000-ത്തിലധികം സുഗന്ധവ്യഞ്ജന കര്‍ഷകരുടെ വരുമാനം 20 ശതമാനം വര്‍ദ്ധിപ്പിക്കാനും ഈ കേന്ദ്രം ലക്ഷ്യമിടുന്നു.
തിരുവനന്തപുരത്ത് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയുടെ കീഴിലാണ് രണ്ടാമത്തെ കേന്ദ്രം സ്ഥാപിക്കുന്നത്. ഗവേഷണത്തില്‍ നിന്ന് വാണിജ്യവല്‍ക്കരണത്തിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് ഈ എഐ കേന്ദ്രം ഒരുങ്ങുന്നത്. ഉയര്‍ന്ന കമ്പ്യൂട്ടിംഗ് ഇന്ഫ്രാസ്ട്രക്ചറോട് കൂടിയ ലാബുകളാണ് ഇവിടെ ഒരുക്കുക. എഐ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനൊപ്പം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ മെന്റര്‍ഷിപ്പും ഫണ്ടിംഗ് സഹായവും നല്കി ഉല്‍പ്പന്നങ്ങളെ വിപണിയിലെത്തിക്കാന്‍ ഈ റിസോഴ്സ് സെന്റര്‍ സഹായിക്കും. കേരളത്തിന്റെ സാങ്കേതിക മേഖലയുടെ നട്ടെല്ലായി മാറാന്‍ പോകുന്ന ഈ രണ്ട് കേന്ദ്രങ്ങളും പരസ്പര പൂരകങ്ങളായാണ് പ്രവര്‍ത്തിക്കുക. കൊച്ചിയിലെ കേന്ദ്രം ലൈഫ് സയന്‍സിലും കാര്‍ഷിക സാങ്കേതികവിദ്യയിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, തിരുവനന്തപുരത്തെ കേന്ദ്രം പൊതു എഐ ഗവേഷണത്തിലും സാങ്കേതിക പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിലും ശ്രദ്ധയൂന്നും.