ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ബദൽ ഊർജ്ജ സ്രോതസ്സുകൾ അടിയന്തരമായി കണ്ടെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. പാചകവാതകത്തിന് പകരമായി ബയോഗ്യാസ് അടക്കമുള്ള പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ പ്രയോജനപ്പെടുത്തുന്നത് ഗൗരവമായി പരിഗണിക്കണം. അതേസമയം, രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നും ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങി കൂട്ടേണ്ടതില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഊർജ്ജ മേഖലയിലെ പുതിയ പരിഷ്കാരങ്ങൾ സംബന്ധിച്ച നിർണായക നിർദേശങ്ങൾ പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. രാജ്യത്ത് പുനരുപയോഗ ഊർജ്ജത്തിന്റെ ഉത്പാദനം അതിവേഗം വർദ്ധിപ്പിക്കേണ്ടതുണ്ട്. എന്നാൽ, ഈ പുതിയ സംരംഭങ്ങളോ പരിഷ്കാരങ്ങളോ സാധാരണ പൗരന്മാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാവരുതെന്നും അദ്ദേഹം കർശനമായി നിർദ്ദേശിച്ചു. മുൻകാലങ്ങളിലെ അലംഭാവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഭാവിയെ മുൻനിർത്തിയുള്ള വികസന പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ‘വിക്ഷിത് ഭാരത് 2047’ എന്നത് കേവലമൊരു പ്രഖ്യാപനമല്ല, മറിച്ച് വലിയൊരു പ്രതിബദ്ധതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പേരിൽ രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന ആശങ്കകൾ കേന്ദ്ര സർക്കാർ പൂർണ്ണമായും തള്ളി. നിലവിൽ ആവശ്യമായ ക്രൂഡ് ഓയിലും പെട്രോളിയം ഉൽപ്പന്നങ്ങളും രാജ്യത്ത് സുലഭമാണ്. എല്ലാ പെട്രോൾ പമ്പുകളിലും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ പമ്പുകളിൽ അനുഭവപ്പെടുന്ന തിരക്ക് അനാവശ്യമാണെന്നും പരിഭ്രാന്തരായി ഇന്ധനം വാങ്ങി ശേഖരിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.