ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും ആഗോള വിപണിയിലെ പുതിയ ഓർഡറുകളിലെ കുറവും ഇന്ത്യയുടെ സ്വകാര്യ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. മെയ് മാസത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ വളർച്ചാ നിരക്കിൽ നേരിയ മന്ദഗതി രേഖപ്പെടുത്തിയതായി എച്ച്എസ്ബിസിയും എസ് ആൻഡ് പി ഗ്ലോബലും ചേർന്ന് പുറത്തിറക്കിയ ഫ്ലാഷ് പിഎംഐ സർവേ വ്യക്തമാക്കുന്നു. ഏപ്രിലിൽ 58.2 ആയിരുന്ന കോമ്പോസിറ്റ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് മെയ് മാസത്തിൽ 58.1 ആയി കുറഞ്ഞു. എങ്കിലും സൂചിക 50-ന് മുകളിൽ തുടരുന്നത് ഇന്ത്യൻ വിപണിയിലെ മൊത്തത്തിലുള്ള വികാസത്തെയാണ് സൂചിപ്പിക്കുന്നത്.
മിഡിൽ ഈസ്റ്റ് സംഘർഷങ്ങളും യാത്രാ തടസ്സങ്ങളും അന്താരാഷ്ട്ര വിപണിയിലെ ആവശ്യകത കുറച്ചതോടെ നിർമ്മാണ മേഖലയ്ക്ക് കനത്ത വെല്ലുവിളിയായി. ഫാക്ടറി പിഎംഐ ഏപ്രിലിലെ 54.7-ൽ നിന്ന് 54.3 ആയി താഴ്ന്നു. സ്വകാര്യ മേഖലയിലെ കയറ്റുമതി ഓർഡറുകളുടെ വളർച്ച 19 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പുതിയ ഓർഡറുകളുടെ വർദ്ധനവ് കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതും വ്യവസായ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
നിർമ്മാണ മേഖല മന്ദഗതിയിലായെങ്കിലും രാജ്യത്തെ സേവന മേഖല നേരിയ മുന്നേറ്റത്തോടെ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തായി നിലകൊള്ളുന്നു. സർവീസ് പിഎംഐ 58.8-ൽ നിന്ന് 58.9 ആയി ഉയർന്നു. എന്നാൽ, ഊർജ്ജം, സ്റ്റീൽ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വില വർദ്ധിച്ചതിനെത്തുടർന്ന് ഉൽപ്പാദന ചെലവ് കുത്തനെ ഉയർന്നത് കമ്പനികളെ ആശങ്കപ്പെടുത്തുന്നുണ്ട്. വിപണിയിലെ മത്സരം കണക്കിലെടുത്ത് ഉൽപ്പന്ന-സേവന നിരക്കുകളിൽ വലിയ വർദ്ധനവ് വരുത്താൻ കമ്പനികൾ തയ്യാറായിട്ടില്ല. ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് വൽപന വിലയിൽ വർദ്ധനവുണ്ടായിട്ടുള്ളത്.
സാമ്പത്തിക വെല്ലുവിളികൾക്കിടയിലും തൊഴിൽ രംഗത്ത് സമ്മിശ്ര പ്രതികരണമാണ് പ്രകടമാകുന്നത്. ബിസിനസ് വർദ്ധിച്ചതോടെ സേവന മേഖല കൂടുതൽ പുതിയ നിയമനങ്ങൾ നടത്തി വിപണിക്ക് ഉണർവേകി. എന്നാൽ, ഓർഡറുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ നിർമ്മാണ മേഖലയിലെ നിയമനങ്ങളുടെ വേഗത കുറഞ്ഞിട്ടുണ്ട്. ആഗോള പ്രതിസന്ധികൾ താൽക്കാലികമാണെന്നും വരും മാസങ്ങളിൽ ഓർഡറുകൾ വർദ്ധിക്കുന്നതോടെ ഉൽപ്പാദന മേഖല ശക്തമായി തിരിച്ചുവരുമെന്നുമുള്ള പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധർ.