കൊച്ചി: ഫാഷൻ രംഗത്തെ അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗിക വ്യാപാര റാക്കറ്റിന് കൈമാറിയ കേസിലെ മുഖ്യപ്രതി സിന്ധുവിനെതിരെ നിർണ്ണായക ഡിജിറ്റൽ തെളിവുകൾ പുറത്ത്. ഇരകളാക്കപ്പെട്ട പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ചുകൊടുത്ത് ലക്ഷങ്ങൾ വിലപേശിയതിന്റെ വാട്സാപ്പ് ചാറ്റുകളും സ്ക്രീൻഷോട്ടുകളും അന്വേഷണ സംഘം വീണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ദുബായ് കേന്ദ്രീകരിച്ച് ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന സിന്ധുവാണ് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഈ പെൺവാണിഭ സംഘത്തിന്റെ സൂത്രധാരയെന്നാണ് പൊലീസിന്റെ നിഗമനം. മുംബൈയിൽ വെച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കേരളത്തിൽ നിന്നുള്ള മോഡലുകളുടെ ചിത്രങ്ങൾ ദുബായിലെ വൻകിട ഇടപാടുകാർക്ക് മുൻകൂറായി അയച്ചുനൽകുകയും, ഓരോ പെൺകുട്ടിയുടെയും പേരിൽ തുക നിശ്ചയിച്ചുറപ്പിക്കുകയുമായിരുന്നു പ്രതിയുടെ രീതി. സൈബർ സെല്ലിന്റെ സഹായത്തോടെ ഈ ഡിജിറ്റൽ തെളിവുകളെല്ലാം പൊലീസ് ശേഖരിച്ചു കഴിഞ്ഞു.
ഗൾഫിലെ ഫാഷൻ ഷോകളിൽ പങ്കെടുപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് യുവതികളെ ദുബായിലേക്ക് ആകർഷിച്ചത്. ഇതിനായി വിസ ഉൾപ്പെടെയുള്ള യാത്രാ സൗകര്യങ്ങൾ ഒരുക്കി നൽകിയതും സിന്ധു തന്നെയാണ്. ദുബായിൽ എത്തിയ ശേഷമാണ് തങ്ങൾ ചതിക്കപ്പെട്ട വിവരം ഇരകൾ തിരിച്ചറിയുന്നത്. കേസിൽ ഉൾപ്പെട്ട ഒളിവിൽ കഴിയുന്ന മറ്റ് രണ്ട് സ്ത്രീകളെ കൂടി പിടികൂടാനുണ്ട്. ഇവരെ നാട്ടിലെത്തിക്കുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.