ലോകം: ഇറാനെതിരെ ആക്രമണത്തിന് അമേരിക്ക സജ്ജമാണെന്നും, വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നും ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ ഉടമ്പടിയിൽ എത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ശക്തമായ ആക്രമണമുണ്ടാകുമെന്നും ഏത് നിമിഷവും ആക്രമണം നടത്താൻ അമേരിക്ക പൂർണ്ണ സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലാണ് അമേരിക്കയുടെ ഈ കടുത്ത നിലപാട്.
അമേരിക്കയുമായി ഒരു കരാറിലെത്താൻ ഇറാന്റെ നേതാക്കൾ യാചിക്കുകയാണ്. എന്നാൽ വെടിനിർത്തൽ വിഷയത്തിൽ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് ആവർത്തിച്ചു. ഇറാനെ ആക്രമിക്കുന്നതിനുള്ള തീരുമാനത്തിൽ നിന്നും ഒരു മണിക്കൂർ മുൻപാണ് അമേരിക്ക പിന്മാറിയതെന്നും ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറയുകയുണ്ടായി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കുന്നവർക്ക് 5.8 കോടി ഡോളർ പാരിതോഷികം നൽകാനുള്ള നിയമനിർമ്മാണത്തിനൊരുങ്ങുകയാണ് ഇറാൻ പാർലമെന്റ്. ഇതിനിടെ യുദ്ധം വീണ്ടും ആരംഭിച്ചാൽ അമേരിക്കയ്ക്ക് കൂടുതൽ ‘സർപ്രൈസുകൾ’ നൽകുമെന്നും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി മുന്നറിയിപ്പ് നൽകി.