തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭ അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും സംസ്ഥാനത്തെ വകുപ്പ് വിഭജനത്തിൽ അനിശ്ചിതത്വം തുടരുന്നു. ഫിഷറീസ്, ആരോഗ്യം എന്നീ സുപ്രധാന വകുപ്പുകളെച്ചൊല്ലിയുള്ള തർക്കങ്ങളാണ് തീരുമാനങ്ങൾ വൈകിപ്പിക്കുന്നത്. എം.എൽ.എമാരുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ ഇന്ന് ഉച്ചയ്ക്ക് മുൻപായി വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും തീവ്രശ്രമങ്ങൾ നടക്കുന്നു.
വകുപ്പ് വിഭജനത്തിൽ ഏറ്റവും വലിയ തർക്ക വിഷയമായി നിലനിൽക്കുന്നത് ഫിഷറീസ് വകുപ്പാണ്. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും ശക്തമായ എതിർപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഫിഷറീസ് നൽകിയാലേ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് കൈമാറൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലീഗ്. തർക്കം തുടരുന്നതിനിടെ മന്ത്രിമാരായ കെ. മുരളീധരനും സി.പി. ജോണും തിരുവനന്തപുരം വെള്ളയമ്പലത്തെ ലത്തീൻ അതിരൂപതാ ആസ്ഥാനത്ത് സന്ദർശനം നടത്തി. ഫിഷറീസ് വകുപ്പിൽ തങ്ങളുടെ പഴയ നിലപാട് ലത്തീൻ സഭ ആവർത്തിച്ചു. “കടലിനെ അറിയുന്ന ആൾ തന്നെ ഫിഷറീസ് മന്ത്രിയായി വരണം” എന്ന നിർദ്ദേശം മന്ത്രിമാരെ അറിയിച്ചതായി ഫാദർ യൂജിൻ പെരേര വ്യക്തമാക്കി.
അതേസമയം ആരോഗ്യ വകുപ്പിന്റെ ചുമതല ആർക്ക് നൽകണം എന്നതിലും മുന്നണിക്കുള്ളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. കെ.സി. പക്ഷത്തെ പ്രതിനിധീകരിക്കുന്ന അനിൽ കുമാറിന് വൈദ്യുതി വകുപ്പിനൊപ്പം ദേവസ്വം വകുപ്പ് കൂടി നൽകുന്ന കാര്യത്തിലും ആലോചനകളുണ്ട്. ഇന്ന് ഉച്ചയ്ക്ക് മുൻപ് തന്നെ വകുപ്പുകളിൽ അന്തിമ തീരുമാനമെടുത്ത് ഗവർണറെ അറിയിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിവരം. പ്രോടേം സ്പീക്കറുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് രാജ്ഭവനിൽ എത്തുന്ന മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തും. വി.ഡി. സതീശൻ സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരുന്നുണ്ട്. കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന അന്തിമ വകുപ്പ് വിഭജന പട്ടിക ഇന്ന് തന്നെ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.