തൊടുപുഴ: ഇടുക്കി ജില്ലയിൽ കെഎസ്ആർടിസി സർവീസുകൾ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ടയർ ക്ഷാമം രൂക്ഷമായതോടെ മിക്ക ഡിപ്പോകളിലെയും ബസുകൾ സർവീസ് നടത്താനാവാതെ നിർത്തിയിട്ടിരിക്കുകയാണ്. നിലവിൽ ഓരോ ഡിപ്പോയിലും രണ്ടോ മൂന്നോ ബസുകൾ ടയറില്ലാത്തതു മൂലം സർവീസ് നടത്താനാകാതെ കിടക്കുന്നു. ഇത് ജില്ലയിലെ പ്രധാന റൂട്ടുകളിലടക്കം കെഎസ്ആർടിസി സർവീസുകൾ വെട്ടിച്ചുരുക്കാൻ ഇടയാക്കിയിട്ടുണ്ട്.
പുതുതായി നിരത്തിലിറക്കിയ പ്രീമിയം ബസുകളുടെ ടയറുകൾ പതിവായി പഞ്ചറാകുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് വെച്ച് പ്രീമിയം ബസിന്റെ ടയർ പൊട്ടിത്തെറിച്ചത് യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ ഭീതിയിലാഴ്ത്തി. പ്രീമിയം ബസുകളുടെ വരവോടെ മെക്കാനിക്കൽ വിഭാഗത്തിൻ്റെ ജോലിഭാരം ഇരട്ടിയായി വർധിച്ചെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
മോശം ടയറുകളുമായി മലയോര മേഖലകളിൽ സർവീസ് നടത്തിയാൽ മഴയിൽ വഴുതി മാറി അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. അതിനാൽ മഴ ശക്തമാകുന്നതിന് മുൻപ് ഇടുക്കി ജില്ലയിലേക്ക് ആവശ്യത്തിന് പുതിയ ടയറുകൾ എത്തിച്ച് സർവീസുകൾ സുഗമമാക്കണമെന്നാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും ആവശ്യം.