തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് കീഴ്വഴക്ക ലംഘനമാണെന്ന ആക്ഷേപം ഉയരുന്നു. മുഖ്യമന്ത്രിമാരും മന്ത്രിമാരും ലോക്ഭവനിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന കീഴ്വഴക്കം വി.ഡി. സതീശനും ഉപേക്ഷിച്ചു. എവിടെ സത്യപ്രതിജ്ഞ നടത്തണം എന്ന് ഭരണഘടനയിൽ പറയുന്നില്ലെങ്കിലും ആർഭാടം കുറച്ച് കീഴ്വഴക്കം പാലിക്കാൻ പുതിയ സർക്കാർ ബാധ്യസ്ഥരാണ്.
കോടികൾ മുടക്കിയാണ് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടക്കുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരുകൾ കീഴ്വഴക്ക ലംഘനത്തിന് തുടക്കമിട്ടതും ഇതേ പാതയാണ് ഇൻഡി മുന്നണിയുടെ ഭാഗമായ യുഡിഎഫും വി.ഡി. സതീശനും പിന്തുടരുന്നത്. അതേസമയം, വിജയ് മോഡൽ സത്യപ്രതിജ്ഞ ചെയ്യാനുള്ള വി.ഡി. സതീശന്റെ നീക്കത്തിന് ലോക്ഭവൻ തടയിട്ടു. സത്യപ്രതിജ്ഞാ ചടങ്ങ് വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്ന് ലോക്ഭവൻ വ്യക്തമാക്കി.
ലോക്സഭാ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നു. വേദിയിൽ മറ്റുള്ളവർ പാടില്ലെന്ന് ലോക്ഭവൻ നിർദ്ദേശം നൽകി. വേദിയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് ഗവർണറാണെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു. വിവിഐപികൾക്കും വേദിയിൽ ഇരിപ്പിടം വേണമെന്ന് സർക്കാർ വീണ്ടും ലോക്ഭവനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം വേദിയിൽ മതി എന്നായിരുന്നു ലോക് ഭവൻ നിർദേശം. ഇന്നലെയാണ് ഇതുസംബന്ധിച്ച നിർദേശം ലോക്ഭവൻ പുറപ്പെടുവിച്ചത്.