തൃശ്ശൂർ: തിരുവില്വാമല പറക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്ര തിരുമുറ്റത്ത് സ്ഥാപിച്ചിരുന്ന വിലപിടിപ്പുള്ള സ്റ്റീൽ റോഡുകൾ കഴിഞ്ഞ ദിവസം രാത്രിയിൽ മോഷ്ടാക്കൾ കവർന്നു. ക്ഷേത്രത്തിന്റെ സുരക്ഷയെയും ആചാരങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള ഈ മോഷണം ഭക്തജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
2025 ഡിസംബറിൽ ക്ഷേത്രത്തിൽ നടത്തിയ താംബൂല പ്രശ്നവിധിയിൽ, ക്ഷേത്ര മതിലകത്തേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് നിർദ്ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ തിരുമുറ്റത്ത് നാല് സ്റ്റീൽ റോഡുകൾ സ്ഥാപിച്ചു. ഈ റോഡുകളാണ് സാമൂഹിക വിരുദ്ധർ രാത്രിയുടെ മറവിൽ ഇളക്കിമാറ്റി കടത്തിക്കൊണ്ടുപോയത്.
സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കവർച്ചക്കെതിരെ അടിയന്തരവും ശക്തവുമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപദേശക സമിതി ദേവസ്വം ഓഫീസർക്ക് രേഖാമൂലം പരാതി നൽകി. പ്രതികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഭക്തരും ഉപദേശക സമിതിയും ആവശ്യപ്പെട്ടു.