ദേശീയ വാർത്തകൾ:
പാശ്ചാത്യേഷ്യൻ യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വർണം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചില നിർദേശങ്ങൾ നൽകിയിരുന്നു. അത്യാവശ്യമില്ലെങ്കിൽ ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുതെന്നായിരുന്നു പ്രധാന നിർദേശം. നിലവിലെ സാഹചര്യത്തിൽ സ്വർണത്തിന്റെ ഇറക്കുമതി ചെലവ് ഉയരുന്നത് രാജ്യത്തിന് തിരിച്ചടിയാകുമെന്നതിനാലാണ് ഇങ്ങനെയൊരു നിർദേശം നൽകിയത്.
ഇന്ത്യ കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുകയാണ്. ഡോളറിലാണ് പണം നൽകുന്നതെന്നതിനാൽ ഇറക്കുമതി ചെലവ് ഉയരുന്നത് തിരിച്ചടിയാണ്. ക്രൂഡ് ഓയിൽ ഇറക്കുമതിക്കൊപ്പം സ്വർണ ഇറക്കുമതിയും ഉയർന്ന നിലയിൽ തുടർന്നാൽ രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം കുറയും. 2026 സാമ്പത്തിക വർഷത്തിൽ ഏകദേശം 7200 കോടി ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി ചെയ്തത്. സ്വർണാഭരണം വാങ്ങുന്നത് നിയന്ത്രിക്കുന്നതിനേക്കാൾ നല്ലത് വീടുകളിലുള്ള സ്വർണം പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഉപയോഗശൂന്യമായ സ്വർണാഭരണങ്ങൾ വിപണിയിലെത്തിക്കാനായാൽ സാമ്പത്തിക ആസ്തിയായി ഉപയോഗിക്കാം. സ്വർണം വൈകാരിക സ്വത്തായി കാണുന്നതിനുപകരം വരുമാനം വർദ്ധിപ്പിക്കാനുള്ള ഉപാധിയാക്കിയാൽ വീടുകളിലെ സ്വർണ നിക്ഷേപം പുറത്തെത്തിക്കാൻ സാധിക്കും. റീസെല്ലിംഗ് സ്കീമുകൾക്ക് ഡിമാൻഡ് കൂടുന്നതും ഇറക്കുമതി ചെലവുകൾ വർധിക്കുന്നതും പരിഗണിച്ച് ഉപയോഗശൂന്യമായ ആഭരണങ്ങൾ പുനരുപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വർണ്ണ ഇറക്കുമതി കുറയ്ക്കാൻ ആഭ്യന്തരമായി സ്വർണ ലഭ്യത ഉറപ്പാക്കുകയാണ് ഏറ്റവും മികച്ച മാർഗം. ഇതിലൂടെ കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാനും രൂപയെ ശക്തിപ്പെടുത്താനും സാധിക്കും.