കേരളം: ഒരുകാലത്ത് പാഴ് വസ്തുവായി കണക്കാക്കിയിരുന്ന ചിരട്ട ഇന്ന് വലിയ വിലപിടിപ്പുള്ള വാണിജ്യ ഉൽപന്നമായി മാറിയിരിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ടൺ കണക്കിന് ചിരട്ട തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നു. കിലോയ്ക്ക് 32 മുതൽ 35 രൂപ വരെ വില ലഭിക്കുന്നതോടെ ചിരട്ട ശേഖരണം വ്യാപകമായിരിക്കുകയാണ്.
മുമ്പ് തേങ്ങയെടുത്ത ശേഷം ഉപേക്ഷിച്ചിരുന്ന ചിരട്ടയ്ക്കായി ഇന്ന് വീടുകൾ തോറും കയറിയിറങ്ങുന്ന ശേഖരണ സംഘങ്ങളുണ്ട്. രണ്ട് വർഷം മുൻപ് കിലോയ്ക്ക് 10 മുതൽ 15 രൂപ വരെയായിരുന്നു വില. വ്യാവസായിക ആവശ്യകത വർധിച്ചതോടെ ചിരട്ടയ്ക്ക് മികച്ച വിപണി ലഭിച്ചു. കേരളത്തിലെ ചെറുകിട വ്യാപാരികളും സ്ക്രാപ്പ് ശേഖരിക്കുന്നവരും ചിരട്ട ശേഖരിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നു. പ്ലാസ്റ്റിക്, പഴയ ഇരുമ്പ്, കടലാസ് തുടങ്ങിയവ ശേഖരിക്കുന്നവർ ഇന്ന് കൂടുതൽ ശ്രദ്ധിക്കുന്നത് ചിരട്ടയ്ക്കാണ്.
ചിരട്ടയുടെ ആവശ്യം വർധിക്കാൻ കാരണം വിവിധ വ്യവസായ മേഖലകളിലെ ഉപയോഗമാണ്. വെള്ളം ശുദ്ധീകരണ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ആക്ടിവേറ്റഡ് കാർബൺ നിർമ്മിക്കാൻ ചിരട്ട പ്രധാന അസംസ്കൃത വസ്തുവാണ്. ചിരട്ടക്കരി നിർമ്മാണം, പ്ലൈവുഡ് വ്യവസായം, സ്വർണപ്പണി, ജൈവവള നിർമ്മാണം, അഗർബത്തി, ചന്ദനത്തിരി, സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ എന്നിവയ്ക്കും ചിരട്ട ഉപയോഗിക്കുന്നു. ദീർഘനേരം കത്തുന്ന ഇന്ധനമായും ചിരട്ടയ്ക്ക് ഇന്ന് വലിയ വിപണിയുണ്ട്. ചില പ്രദേശങ്ങളിൽ ഹോട്ടലുകൾ, ബേക്കറികൾ, കരകൗശല യൂണിറ്റുകൾ എന്നിവ ശേഖരണ സംഘങ്ങളുമായി നേരിട്ടുള്ള കരാറുകളിലൂടെ ചിരട്ട വാങ്ങുന്നു. പാഴ് വസ്തുവിൽ നിന്ന് വിലപിടിപ്പുള്ള വാണിജ്യ ഉൽപ്പന്നത്തിലേക്കുള്ള ചിരട്ടയുടെ വളർച്ച കേരളത്തിലെ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും പുതിയ അവസരങ്ങൾ തുറക്കുകയാണ്.