ന്യൂഡൽഹി: രാജ്യാന്തര ലഹരി വിപണിയിൽ വൻ പ്രിയമുള്ള ‘കാപ്റ്റഗൺ’ ഗുളികകളുടെ വൻ ശേഖരം ഇന്ത്യയിൽ ആദ്യമായി പിടികൂടി. ‘ഓപ്പറേഷൻ രേജ് പിൽ’ എന്ന് പേരിട്ട മിന്നൽ പരിശോധനയിലൂടെ ഏകദേശം 182 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്തത്. രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള നീക്കത്തിലെ നിർണ്ണായക ചുവടുവെപ്പാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ നീക്കത്തിൽ 227.7 കിലോഗ്രാം കാപ്റ്റഗൺ ഗുളികകളും പൊടിയുമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിറിയൻ പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു കടത്ത് ശൃംഖലയുടെ ഭാഗമാണിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യയെ ഒരു ഇടനാഴിയായി ഉപയോഗിച്ച് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് ലഹരി എത്തിക്കാനായിരുന്നു സംഘത്തിന്റെ നീക്കം.
ഭീകരസംഘടനകൾക്കും സായുധ സംഘങ്ങൾക്കും ഫണ്ട് കണ്ടെത്താനുള്ള പ്രധാന മാർഗ്ഗമായി കാപ്റ്റഗൺ വ്യാപാരത്തെ അന്താരാഷ്ട്ര ഏജൻസികൾ കാണുന്നതിനാലാണ് ഇതിനെ ‘ജിഹാദി മയക്കുമരുന്ന്’ എന്ന് വിളിക്കുന്നത്. 1960-കളിൽ കുട്ടികളിലെ ശ്രദ്ധാ വൈകല്യങ്ങൾക്കും മറ്റും ചികിത്സയായി വികസിപ്പിച്ച ഫെനെത്തിലൈൻ ആണിതിന്റെ അടിസ്ഥാനം. പിൽക്കാലത്ത് ആസക്തി വർദ്ധിപ്പിക്കുന്നതിനാൽ ഇത് നിരോധിച്ചു. സിന്തറ്റിക് ഉത്തേജകങ്ങൾ ചേർത്താണ് നിയമവിരുദ്ധ വിപണിയിൽ ഇത് നിർമ്മിക്കുന്നത്. ഉൽപ്പാദനച്ചെലവ് കുറവാണെങ്കിലും വിപണിയിൽ ഇതിന് വൻ വിലയാണുള്ളത്. പിടികൂടിയ സിറിയൻ പൗരന്റെ ഹവാല ബന്ധങ്ങളെക്കുറിച്ചും ഇയാൾക്ക് ഇന്ത്യയിലുള്ള പ്രാദേശിക സഹായങ്ങളെക്കുറിച്ചും എൻസിബി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരിക്കടത്തുകാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ‘സീറോ ടോളറൻസ്’ നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ഈ ഓപ്പറേഷനിലൂടെ ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണ്.