ന്യൂഡൽഹി: ഭാരതത്തെ ഊർജ്ജ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന സുപ്രധാന തീരുമാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് യോഗം. 37,500 കോടി രൂപയുടെ കൽക്കരി വാതകവൽക്കരണ പദ്ധതിക്കും നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിക്കാനുമുള്ള തീരുമാനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന ഇറക്കുമതി കുറയ്ക്കാനും ആഭ്യന്തര വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്താനുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
ഏകദേശം 3,000 ലക്ഷം കോടി രൂപയുടെ ആകെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ 75 ദശലക്ഷം ടൺ കൽക്കരി ഉപയോഗിച്ചുള്ള പ്ലാന്റുകൾ ആരംഭിക്കും. 2030-ഓടെ 100 ദശലക്ഷം ടൺ കൽക്കരി ഗ്യാസിഫിക്കേഷൻ ശേഷി കൈവരിക്കുകയാണ് ലക്ഷ്യം. ഇത് വഴി മെഥനോൾ, ഹൈഡ്രജൻ, വളങ്ങൾ എന്നിവയുടെ ഉത്പാദനം ആഭ്യന്തരമായി വർദ്ധിപ്പിക്കാൻ സാധിക്കും. രാജ്യത്തുള്ള 401 ദശലക്ഷം ടൺ കൽക്കരി ശേഖരം അടുത്ത 200 വർഷത്തേക്ക് ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
കൂടാതെ കാർഷിക മേഖലയ്ക്ക് കരുത്തേകാൻ ഖാരിഫ് സീസണിലെ നെല്ലിന്റെ താങ്ങുവിലയിൽ വർദ്ധനവ് വരുത്തി. ക്വിന്റലിന് 72 രൂപ വർദ്ധിപ്പിച്ചതോടെ സാധാരണ ഇനം നെല്ലിന് 2,441 രൂപയായും എ-ഗ്രേഡ് ഇനത്തിന് 2,461 രൂപയായും പുതിയ വില നിശ്ചയിച്ചു. 2026-27 സീസണിലേക്ക് നിശ്ചയിച്ച ഈ വില വർദ്ധനവ് രാജ്യത്തെ ദശലക്ഷക്കണക്കിന് കർഷകർക്ക് ഗുണകരമാകും. അന്താരാഷ്ട്ര തലത്തിൽ എണ്ണവിലയിലും രാഷ്ട്രീയ സാഹചര്യങ്ങളിലും ഉണ്ടാകുന്ന അസ്ഥിരതകൾ ഇന്ത്യയെ ബാധിക്കാതിരിക്കാൻ ഈ പദ്ധതികൾ സഹായിക്കും. യൂറിയ, അമോണിയം നൈട്രേറ്റ് തുടങ്ങിയവയുടെ ഇറക്കുമതി കുറയ്ക്കുന്നതിലൂടെ വിദേശനാണ്യ ശേഖരം ലാഭിക്കാനും ഈ ‘ആത്മനിർഭർ’ ഭാരത് നയം വഴി സാധിക്കും. ആഭ്യന്തര വിഭവങ്ങളുടെ ശാസ്ത്രീയമായ ഉപയോഗത്തിലൂടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള മോദി സർക്കാരിന്റെ ഇച്ഛാശക്തിയാണ് ഈ തീരുമാനങ്ങളിലൂടെ വ്യക്തമാകുന്നത്. കാർഷിക-വ്യവസായ മേഖലകളുടെ സന്തുലിതമായ വികസനമാണ് സർക്കാർ ഇതിലൂടെ ഉറപ്പാക്കുന്നത്.