ന്യൂഡൽഹി: ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ഭാരതത്തിൻ്റെ മെഡിക്കൽ ഇന്നൊവേഷന്റെയും ആരോഗ്യ സേവനങ്ങളുടെയും പ്രധാന ചാലകശക്തിയായി മാറിയിരിക്കുകയാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന എയിംസിൻ്റെ 51-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർക്ക് താങ്ങാനാവുന്ന ചെലവിൽ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കുന്നതിൽ എയിംസ് ഒരു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ക്യു.എസ് വേൾഡ് റാങ്കിംഗിൽ 40 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 105-ാം സ്ഥാനത്ത് എയിംസ് എത്തിയ കാര്യം ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. വൈകാതെ തന്നെ ലോകത്തെ മികച്ച നൂറ് സ്ഥാപനങ്ങളുടെ പട്ടികയിൽ എയിംസ് ഇടംപിടിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം എയിംസ് ശൃംഖല വ്യാപിപ്പിച്ചത് പിന്നാക്ക മേഖലകളിലെ ആരോഗ്യസേവനം മെച്ചപ്പെടുത്താൻ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
2014-ൽ രാജ്യത്ത് വെറും ഏഴ് എയിംസുകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ ഇന്ന് അത് 23 ആയി വർദ്ധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജഗത് പ്രകാശ് നദ്ദ ചടങ്ങിൽ അറിയിച്ചു. മെഡിക്കൽ കോളേജുകളുടെ എണ്ണം 390-ൽ നിന്ന് 825 ആയി ഉയർന്നു. നിലവിൽ മെഡിക്കൽ സീറ്റുകളുടെ എണ്ണം 1.25 ലക്ഷമായി വർദ്ധിച്ചിട്ടുണ്ട്. അടുത്ത രണ്ട്-മൂന്ന് വർഷത്തിനുള്ളിൽ 75,000 സീറ്റുകൾ കൂടി അധികമായി അനുവദിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ചടങ്ങിൽ മെഡിക്കൽ വിദ്യാഭ്യാസ-ഗവേഷണ രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയ അഞ്ച് മുൻ ഫാക്കൽറ്റി അംഗങ്ങൾക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡുകൾ നൽകി ആദരിച്ചു. ബിരുദ, ബിരുദാനന്തര, സൂപ്പർ സ്പെഷ്യാലിറ്റി, ഡോക്ടറൽ, നഴ്സിംഗ് ഉൾപ്പെടെയുള്ള വിഭാഗങ്ങളിലായി 523 വിദ്യാർത്ഥികൾ ബിരുദങ്ങൾ ഏറ്റുവാങ്ങി.