പുനലൂർ: പുനലൂർ നെല്ലിപ്പള്ളിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ സർവീസ് സ്റ്റേഷൻ തകർന്ന് ഒരാൾ മരിച്ചു. ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ വന്മള അയ്യത്ത് പുത്തൻവീട്ടിൽ സിജു തോമസ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് നെല്ലിപ്പള്ളി പെട്രോൾ പമ്പിന് പിന്നിൽ പ്രവർത്തിച്ചിരുന്ന സർവീസ് സ്റ്റേഷനിലേക്ക് കൂറ്റൻ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. ഉച്ചമുതൽ പെയ്ത കനത്ത മഴയിൽ മണ്ണ് കുതിർന്ന് മതിൽ സ്റ്റേഷൻ കെട്ടിടത്തിന് മുകളിലേക്ക് പതിച്ചു. കോൺക്രീറ്റ് മേൽക്കൂരയും മണ്ണും ഒന്നിച്ച് താഴേക്ക് പതിച്ചതോടെ ഉള്ളിലുണ്ടായിരുന്ന വാഹനങ്ങൾ പൂർണ്ണമായും തകർന്നു.
അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് സിജുവിന്റെ മൃതദേഹം പുറത്തെടുത്തത്. ലോറിക്ക് പുറമെ ഒരു സ്കൂൾ ബസ്സും നിരവധി സ്കൂട്ടറുകളും തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ടിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.