അന്താരാഷ്ട്ര വാർത്ത:
അപ്പോളോ 12 ചന്ദ്രനിൽ കണ്ട ആ ‘അജ്ഞാത വെളിച്ച’ത്തെക്കുറിച്ചുള്ള വിവരങ്ങൾ യുഎസ് പുറത്തുവിട്ടു. അന്യഗ്രഹ പേടകങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. ദൗത്യത്തിൽ ബഹിരാകാശ സഞ്ചാരികൾ കണ്ട ആ വെളിച്ചം എന്തായിരുന്നുവെന്ന ചോദ്യത്തിന് മറുപടി നൽകുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
1969 നവംബറിലാണ് നാസയുടെ അപ്പോളോ 12 ദൗത്യം നടന്നത്. ചാൾസ് ‘പീറ്റ്’ കോൺറാഡ് ജൂനിയർ, അലൻ ബീൻ എന്നിവരായിരുന്നു പ്രധാന യാത്രികർ. ചന്ദ്രന്റെ ചക്രവാളത്തിന് മുകളിൽ തിളങ്ങുന്ന വിചിത്ര വസ്തുക്കൾ കണ്ടതായി യാത്രികർ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച കൂടുതൽ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം പുറത്തുവന്ന ഈ ചിത്രങ്ങൾ ശാസ്ത്രലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ശൂന്യമായ ചന്ദ്രോപരിതലത്തിന് മുകളിലുള്ള ഇരുണ്ട ആകാശത്ത് നീല കലർന്ന തിളങ്ങുന്ന പാടുകളും രൂപങ്ങളും ചിത്രങ്ങളിൽ വ്യക്തമായി കാണാം.
ചിത്രങ്ങളെക്കുറിച്ച് പല വാദങ്ങളും ഉയരുന്നുണ്ട്. അന്യഗ്രഹ പ്രതിഭാസങ്ങളെ ബഹിരാകാശ സഞ്ചാരികൾ കണ്ടുവെന്നതിന് തെളിവാണ് ഈ ചിത്രങ്ങളെന്ന് യുഎഫ്ഒ ആരാധകർ പറയുന്നു. എന്നാൽ ക്യാമറ ലെൻസ് ഫ്ലെയർ, ഫിലിമിനുണ്ടായ തകരാറുകൾ, പ്രകാശത്തിന്റെ പ്രതിഫലനങ്ങൾ എന്നിവ കാരണമാകാം എന്നാണ് ശാസ്ത്രലോകത്തിന്റെ വിശദീകരണം. യുഎസ് സർക്കാർ യുഎഫ്ഒകളുമായി ബന്ധപ്പെട്ട 160-ൽ അധികം രഹസ്യരേഖകൾ പുറത്തുവിട്ടത് ഈ വിഷയത്തിൽ കൂടുതൽ ആകാംഷ നൽകുന്നു.