തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിർമ്മാണത്തിന് കൈക്കൂലി വാങ്ങുന്നതിനിടെ കരോട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസിന്റെ പിടിയിലായി. നെയ്യാറ്റിൻകര കരോട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സന്ദീപ് ആണ് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്.
ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട വീട് നിർമ്മാണത്തിന്റെ മൂന്നാം ഗഡു ലഭിക്കുന്നതിനുള്ള അപേക്ഷ നൽകിയപ്പോൾ 2500 രൂപ കൈക്കൂലിയായി സന്ദീപ് ആവശ്യപ്പെട്ടു. ഇതിനു മുൻപ് ഒന്നും രണ്ടും ഗഡുക്കൾ പാസാക്കിയപ്പോഴും ഇയാൾ കൈക്കൂലി വാങ്ങിയിരുന്നു. തുടർന്ന് പരാതിക്കാരൻ തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് രണ്ടിൽ വിവരം അറിയിച്ചു. ഡിവൈഎസ്പി ദിലീപ് കുമാറിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം സ്ഥലത്തെത്തി ഫിനോൾഫ്തലിൻ പുരട്ടിയ 2500 രൂപ ഉദ്യോഗസ്ഥന് കൈമാറാൻ ആവശ്യപ്പെട്ടു. പണം വാങ്ങുന്നതിനിടെ സന്ദീപിനെ വിജിലൻസ് സംഘം പിടികൂടി.
സന്ദീപ് മുൻപും സമാന കേസിൽ പ്രതിയായിട്ടുണ്ട്. 2016-17 കാലയളവിൽ കൊല്ലത്ത് ജോലി ചെയ്യുമ്പോളാണ് സമാന കേസിൽ ഇയാൾ അറസ്റ്റിലായത്.