സംസ്ഥാനം:
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഇന്ദിരാ ഗ്യാരന്റി’ പ്രകാരമാണ് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് നടപ്പാക്കിയാൽ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം തകരുമെന്ന് ഉടമകൾ മുന്നറിയിപ്പ് നൽകി.
പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ജെൻഡർ രേഖപ്പെടുത്തിയ ടിക്കറ്റുകൾ നൽകിത്തുടങ്ങി. സൗജന്യ യാത്ര വരുന്നതോടെ കൂടുതൽ സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കും. ഇത് സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുറയ്ക്കും. വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമായി സർവീസ് നടത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമെന്നും അവർ പറയുന്നു.
രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ഇത്തരം വാഗ്ദാനങ്ങൾ നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ സർക്കാരുമായി ചർച്ചകൾ നടത്തിയില്ല. പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും, ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് ബസ് ഉടമകളുമായി ചർച്ച നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.