കോതമംഗലം: കോതമംഗലം വടാട്ടുപാറയിൽ പെരിയാറിൽ കുളിക്കാനിറങ്ങിയ മൂന്ന് ഡെന്റൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ മൂന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥികളാണ് മരിച്ചത്. അപകടം നടന്നത് കോതമംഗലത്തുനിന്ന് 16 കിലോമീറ്റർ അകലെ വടാട്ടുപാറ പല്ലവൻ പടിയിൽ ആണ്. ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടുപേർക്കുകൂടി ജീവൻ നഷ്ടമായത്.
തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. ഒമ്പത് പേരടങ്ങുന്ന വിദ്യാർത്ഥി സംഘമാണ് വടാട്ടുപാറയിൽ എത്തിയത്. പുഴയിൽ ശക്തമായ നീരൊഴുക്ക് ഉണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയുടെ ഭാഗമായി പെരിയാറിൽ ജലനിരപ്പ് ഉയർന്നിരുന്നു. പുഴയുടെ പരിചയമില്ലാത്ത ഭാഗത്ത് ഇറങ്ങിയ ഒരു വിദ്യാർത്ഥി ഒഴുക്കിൽപ്പെടുകയും ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടുപേർ കൂടി ആഴങ്ങളിലേക്ക് പതിക്കുകയുമായിരുന്നു.
അപകടവിവരം അറിഞ്ഞ് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കോതമംഗലത്തുനിന്ന് അഗ്നിരക്ഷാസേനയും സ്കൂബ ടീമും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൂവരെയും കണ്ടെത്തിയത്. മൂന്ന് വിദ്യാർത്ഥികളെയും ഉടൻ തന്നെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന ഈ പ്രദേശത്ത് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത് വലിയ വെല്ലുവിളിയാണെന്ന് നാട്ടുകാർ പറയുന്നു.