കൊച്ചി:
ലക്ഷദ്വീപിലേക്കുള്ള യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസിന് തുടക്കമാകുന്നു. ഇതിന് മുന്നോടിയായുള്ള പരീക്ഷണ പറക്കൽ ഇന്ന് (ഞായറാഴ്ച) മുതൽ ആരംഭിച്ചു. അഗത്തി, കടമത്ത്, കൽപേനി, കവരത്തി, കിൽത്താൻ എന്നീ ദ്വീപുകളെ കൊച്ചിയുമായി ബന്ധിപ്പിച്ചാണ് പരീക്ഷണ പറക്കൽ നടക്കുന്നത്.
20 പേർക്ക് സുഖകരമായി യാത്ര ചെയ്യാവുന്ന ‘കനേഡിയൻ വൈക്കിങ് ഡിഎച്ച്സി-6-400 ട്വിൻ ഓട്ടർ’ ഇരട്ട എഞ്ചിൻ വിമാനമാണ് സർവീസിനായി ഉപയോഗിക്കുന്നത്. പരീക്ഷണ പറക്കലിനായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ വിമാനത്തിന് ദ്വീപുകളിൽ നിന്ന് കൊച്ചിയിലേക്ക് ഏകദേശം ഒരു മണിക്കൂറോളം യാത്രാദൈർഘ്യമാണുള്ളത്. സ്കൈഹോപ് എന്ന കമ്പനിയാണ് ഈ പരീക്ഷണ പറക്കലിന് നേതൃത്വം നൽകുന്നത്. ലക്ഷദ്വീപ് പോർട്ട് ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ വകുപ്പാണ് പരീക്ഷണ പറക്കലിന്റെ സമയക്രമം തീരുമാനിച്ചിരിക്കുന്നത്.
പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കുന്നതോടെ ഡിജിസിഎ സ്ഥിരം യാത്രാ സർവീസുകളുടെ തീയതി പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി ഡിജിസിഎ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി വിമാനത്തിലുണ്ട്. പരീക്ഷണ പറക്കൽ നടക്കുന്ന ദിവസങ്ങളിൽ ദ്വീപുകളിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലാൻഡിങ്, ടേക്ക് ഓഫ് വേളകളിൽ അഗ്നിശമന ഉപകരണങ്ങൾ സജ്ജീകരിച്ച പ്രത്യേക സുരക്ഷാ ബോട്ടുകൾ ഉറപ്പാക്കാൻ പോർട്ട് അസിസ്റ്റന്റുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ഫയർ സർവീസ്, രക്ഷാപ്രവർത്തനത്തിന് പരിശീലനം ലഭിച്ച ജീവനക്കാർ എന്നിവരും പൂർണ്ണ സജ്ജരാണ്. ടൂറിസം മേഖലയ്ക്കും ലക്ഷദ്വീപ് നിവാസികൾക്കും ഒരുപോലെ പ്രയോജനകരമാകുന്ന ഈ പുതിയ സീപ്ലെയിൻ സർവീസ് വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.