ചെന്നൈ: തമിഴ്നാട്ടിൽ ദളപതി ഭരണം ആരംഭിച്ചു. നടനും ടിവികെ നേതാവുമായ വിജയ് തമിഴ്നാടിന്റെ 18-ാമത് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തമിഴകത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചാണ് വിജയ് സെന്റ് ജോർജ് കോട്ടയിലേക്ക് പ്രവേശിച്ചത്.
ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്കായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്ക്കൊപ്പം മറ്റ് ഒൻപത് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. സസ്പെൻസുകൾക്കൊടുവിൽ ടിവികെ സർക്കാർ അധികാരത്തിലേറി. പ്രധാനപ്പെട്ട രണ്ട് ദ്രാവിഡ മുന്നണികൾക്കെതിരെ മത്സരിച്ച ടിവികെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. പിന്നീട് അത് 116 സീറ്റുകളിൽ എത്തിയെങ്കിലും കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകൾ കൂടി ആവശ്യമായിരുന്നു. ഒടുവിൽ വിസികെ, മുസ്ലിം ലീഗ് എന്നീ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെ സർക്കാരിനുള്ള ആകെ പിന്തുണ 120 സീറ്റുകളായി ഉയർന്നു. ഇതോടെയാണ് വിജയ്യുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.
ഗവർണറും വിജയും തമ്മിലുള്ള കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. ഈ മാസം 13-നകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ടിവികെ സർക്കാരിന് നിർദേശം നൽകി. രാഷ്ട്രീയ ഭരണരംഗത്തെ മുൻപരിചയക്കുറവ് ഒരു പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, സാധാരണ ജനങ്ങൾക്ക് അവരുടെ ‘ദളപതി’യിൽ വലിയ പ്രതീക്ഷയാണുള്ളത്. തമിഴ് ജനത കാത്തിരുന്ന മികച്ചൊരു ഭരണം കാഴ്ചവെയ്ക്കാൻ വിജയ്ക്ക് സാധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.