കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ആദ്യമായി അധികാരത്തിലേറി. തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി സുവേന്ദു അധികാരി സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ കേന്ദ്രമന്ത്രിമാർ, ബിജെപി മുഖ്യമന്ത്രിമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നു. എൻഡിഎയുടെ ബംഗാളിലെ വലിയൊരു ശക്തിപ്രകടനമായി വേദി മാറി. ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, നിസിത് പ്രമാണിക്, അശോക് കീർത്താനിയ, ക്ഷുദിരാം ടുഡു എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ചടങ്ങിൽ ഉടനീളം ‘ജയ് ശ്രീറാം’ വിളികൾ ഉയർന്നു. 98 വയസ്സുകാരനായ ബിജെപി പ്രവർത്തകൻ മഹൻലാൽ സർക്കാരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊന്നാട അണിയിക്കുകയും കാൽതൊട്ട് വന്ദിക്കുകയും ചെയ്തു. 2020-ൽ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ സുവേന്ദു അധികാരി ബംഗാളിലെ ബിജെപിയുടെ പ്രധാന നേതാവാണ്. ബംഗ്ലാദേശി കുടിയേറ്റം പോലുള്ള വിഷയങ്ങളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കും. മമതാ ബാനർജി രാജി സമർപ്പിക്കാൻ തയ്യാറായിട്ടില്ലെങ്കിലും പുതിയ സർക്കാർ അധികാരമേറ്റതോടെ മമത സർക്കാരിന്റെ ഭരണം അവസാനിച്ചു.