ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്. നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക്. സി.പി.ഐ, സി.പി.ഐ (എം), വി.സി.കെ എന്നീ പാർട്ടികളുടെ പിന്തുണയോടെ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) കേവല ഭൂരിപക്ഷമായ 118 എന്ന മാന്ത്രിക സംഖ്യ തികച്ചു. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുന്നതിനായി വിജയ് ഇന്ന് ഗവർണറെ കാണും.
കോൺഗ്രസിന് പിന്നാലെ സി.പി.ഐ.എമ്മും സി.പി.ഐയും ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ടി.വി.കെ 116 എന്ന സംഖ്യയിലെത്തി. പിന്നീട് വി.സി.കെയുടെ രണ്ട് എം.എൽ.എമാർ കൂടി അനുകൂല നിലപാട് സ്വീകരിച്ചതോടെ ടി.വി.കെക്ക് കേവല ഭൂരിപക്ഷമായി. സർക്കാർ രൂപീകരിക്കാൻ വിജയിയെ ക്ഷണിക്കണമെന്ന് സി.പി.ഐ നേതാവ് ഡി. രാജ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മതേതര, സുസ്ഥിര, ജനാധിപത്യ ഭരണത്തിന് ഉപാധികളില്ലാത്ത പിന്തുണ നൽകുമെന്നാണ് ഗവർണർക്ക് നൽകിയ കത്തിൽ പാർട്ടികൾ വ്യക്തമാക്കിയിട്ടുള്ളത്.
സി.പി.ഐ.എമ്മും സി.പി.ഐയും ഭരണത്തിൽ പങ്കാളികളാകാതെ പുറത്തുനിന്ന് പിന്തുണ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവർ മന്ത്രിസഭയിൽ പങ്കാളികളാകില്ല. ഡി.എം.കെ സഖ്യത്തിന്റെ ശ്രമം ഗവർണർ ഭരണം തടയാനാണ്. ഗവർണർ ഭരണമെന്ന പേരിൽ തമിഴ്നാട്ടിൽ ബി.ജെ.പി ഭരണം കൊണ്ടുവരാനുള്ള ശ്രമങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇടതുപാർട്ടികൾ ഉൾപ്പെടെയുള്ളവർ വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. വി.സി.കെ നേതാവ് തിരുമാവളവന് മന്ത്രിസ്ഥാനം ടി.വി.കെ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, എൻ.ഡി.എ കക്ഷികളുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും അവർക്ക് മന്ത്രിസ്ഥാനം നൽകില്ലെന്നും ടി.വി.കെ നേതാക്കൾ ഉറപ്പുനൽകിയിട്ടുണ്ട്. കേവല ഭൂരിപക്ഷം ഉറപ്പിച്ച സാഹചര്യത്തിൽ വിജയ് ഇന്ന് വീണ്ടും ഗവർണറെ കാണാൻ രാജ്ഭവനിൽ എത്തും. ഇതിന് പിന്നാലെ സർക്കാർ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.