തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിൽ എം.എൽ.എമാരോട് എ.ഐ.സി.സി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും രണ്ട് ചോദ്യങ്ങൾ ചോദിച്ചു. മുഖ്യമന്ത്രിയായി ആര് വരണമെന്നാണ് ആഗ്രഹമെന്നായിരുന്നു ആദ്യ ചോദ്യം, അതിനുള്ള കാരണമായിരുന്നു രണ്ടാമത്തേത്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പാർട്ടി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിട്ടുള്ള ഒറ്റവരി പ്രമേയം പാസാക്കിയ നിയമസഭാ കക്ഷി യോഗത്തിനു ശേഷമാണ് നിരീക്ഷകർ എം.എൽ.എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ടത്. കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരെയാണ് ആദ്യം വിളിച്ചത്.
രാവിലെ ഹോട്ടലിൽ നിരീക്ഷകരെ വി.ഡി. സതീശൻ സന്ദർശിച്ചു. എം.എൽ.എമാരുമായുള്ള കൂടിക്കാഴ്ചയിൽ ദീപ് ഹൂഡയെ പങ്കെടുപ്പിക്കുന്നതിൽ അദ്ദേഹം എതിർപ്പ് അറിയിച്ചു. എം.എൽ.എമാർക്ക് സ്വതന്ത്രമായി അഭിപ്രായം പറയാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മാറിനിൽക്കുന്നതാണ് ഉചിതമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ, കൂടിക്കാഴ്ചയിൽ നിരീക്ഷകർക്കൊപ്പം ദീപ് ഹൂഡയും പങ്കെടുത്തു. മുഖ്യമന്ത്രി പദം പിടിക്കാനുറച്ചാണ് മൂന്ന് പക്ഷങ്ങളും കൂടിക്കാഴ്ചക്കെത്തിയത്. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ തങ്ങളുടെ നീക്കങ്ങൾ നടത്തി. നാല് മണിക്ക് മുൻപേ തന്നെ കൂടിക്കാഴ്ച അവസാനിച്ചതിന് പിന്നാലെ മൂന്ന് കൂട്ടരും ആത്മവിശ്വാസത്തോടെ പുറത്തുവന്നു.
ഭൂരിപക്ഷം എം.എൽ.എമാരും ആര് മുഖ്യമന്ത്രിയാവണമെന്ന കാര്യത്തിൽ നിരീക്ഷകരോട് ഏതെങ്കിലും ഒരാളുടെ പേര് പറഞ്ഞപ്പോൾ ഹൈക്കമാൻഡിന് ആരെ വേണമെങ്കിലും തീരുമാനിക്കാമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ, സന്ദീപ് വാര്യർ, രമേശ് പിഷാരടി എന്നിവർ അറിയിച്ചു. അതേസമയം, സന്ദീപിന്റെ പിന്തുണ വേണുഗോപാൽ പക്ഷവും പിഷാരടിയുടേത് സതീശൻ പക്ഷവും അവകാശപ്പെടുന്നുണ്ട്. സണ്ണി ജോസഫ് ഒപ്പം നിൽക്കുമെന്ന് വേണുഗോപാൽ പക്ഷം കണക്കുകൂട്ടുന്നു. കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമാരും എം.എൽ.എമാരുമായ എ.പി. അനിൽകുമാർ, ടി.സി. സിദ്ധിഖ്, എം.പി. ഷാഫി പറമ്പിൽ എന്നിവർ വേണുഗോപാലിനൊപ്പമാണെന്നാണ് വിവരം. എറണാകുളത്തു നിന്നാണ് സതീശൻ പക്ഷം ഏറ്റവും അധികം എം.എൽ.എമാരുടെ പിന്തുണ അവകാശപ്പെടുന്നത്. കെ. സുധാകരൻ, വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് നിരീക്ഷകർക്ക് കത്ത് നൽകി. എം.പിമാരായ ബെന്നി ബഹനാൻ, എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, മുതിർന്ന നേതാക്കളായ വി.എം. സുധീരൻ, പി.ജെ. കുര്യൻ എന്നിവരും നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തി. സുധീരന്റെ പിന്തുണ സതീശനാണെന്നാണ് വിവരം.