ഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു. പുതിയ ചട്ടപ്രകാരം, ഒരു വീട്ടിൽ എൽ.പി.ജി സിലിണ്ടറും, പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷനും ഒരേസമയം ഉപയോഗിക്കാൻ സാധിക്കില്ല. ഊർജ്ജ പ്രതിസന്ധിയും വിതരണ ശൃംഖലയിലെ വെല്ലുവിളികളും കണക്കിലെടുത്ത് കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. അതിനാൽ പി.എൻ.ജി കണക്ഷൻ ഉപയോഗിക്കുന്നവർ എൽ.പി.ജി സിലിണ്ടർ സറണ്ടർ ചെയ്യേണ്ടിവരും.
പുതിയ നിയമം അനുസരിച്ച് ഗാർഹിക ആവശ്യങ്ങൾക്ക് ഒരു പാചക വാതക കണക്ഷൻ മാത്രമേ അനുവദിക്കൂ. പി.എൻ.ജി കണക്ഷൻ ഉള്ളവർക്ക് എൽ.പി.ജി റീഫിൽ നൽകില്ല. ഇത് സംബന്ധിച്ച് എണ്ണക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പല ഉപഭോക്താക്കൾക്കും എൽ.പി.ജി സിലിണ്ടർ സറണ്ടർ ചെയ്യാനുള്ള സന്ദേശം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഇറക്കുമതിയെ ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയും പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമാണ് പുതിയ നിയന്ത്രണത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ. പാചകവാതക വിതരണത്തിൽ ബുദ്ധിമുട്ടുണ്ടായാൽ, പി.എൻ.ജി സൗകര്യമില്ലാത്ത വീടുകൾക്ക് എൽ.പി.ജി വിതരണത്തിൽ മുൻഗണന നൽകാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നിയമം വഴി പൈപ്പ്ഡ് നാച്ചുറൽ ഗ്യാസിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. എൽ.പി.ജിയുമായി താരതമ്യം ചെയ്യുമ്പോൾ പി.എൻ.ജിക്ക് ലോജിസ്റ്റിക്സ് എളുപ്പമാണ്. വിതരണത്തിലെ സ്ഥിരതയും ഇതിലൂടെ ഉറപ്പാക്കാം. നഗരപ്രദേശങ്ങളിൽ തടസ്സങ്ങളില്ലാത്ത സപ്ലൈ ഉറപ്പാക്കാൻ ഇത് സഹായിക്കും. അതിനാൽ നിങ്ങളുടെ വീട്ടിൽ പി.എൻ.ജി കണക്ഷനുണ്ടെങ്കിൽ എൽ.പി.ജി സിലിണ്ടർ ഉടൻ സറണ്ടർ ചെയ്യാൻ തയ്യാറെടുക്കുക. ഈ നിയമം രാജ്യത്തെ എല്ലാ എണ്ണക്കമ്പനികൾക്കും ബാധകമാണ്.