തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉണ്ടായത് അപ്രതീക്ഷിതമായ തോൽവിയാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കുമെന്നും ജനവിധി അംഗീകരിച്ച് ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി എൽഡിഎഫ് നിയമസഭയിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അദ്ദേഹം അഭിനന്ദിച്ചു.
തുടർച്ചയായ മൂന്നാം വട്ടം ഭരണം പ്രതീക്ഷിച്ചിരുന്നെങ്കിലും ജനവിധി മറിച്ചായി. വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും എൽഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. തിരഞ്ഞെടുപ്പ് ഫലം പാർട്ടി തലത്തിൽ സൂക്ഷ്മമായി പരിശോധിക്കുകയും പ്രവർത്തകരുടെ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്യും. ജനവിധി മാനിച്ച് കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ തയ്യാറാണ്. പുതിയ സർക്കാരിനെ നയിക്കുന്ന യുഡിഎഫിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. നവകേരള നിർമ്മിതിക്കായി പ്രതിപക്ഷത്ത് നിന്ന് പോരാടും.
എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്. വിജ്ഞാന സമ്പദ്വ്യവസ്ഥ, യുവജന തൊഴിൽ, സാമൂഹ്യനീതി, പൊതുജനാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ നവകേരള നിർമ്മാണ കാഴ്ചപ്പാടുകൾ മുന്നോട്ട് കൊണ്ടുപോകാൻ ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ എൽഡിഎഫ് ഉറപ്പാക്കും. അതിദാരിദ്ര്യ നിർമാർജനവും സ്ത്രീശാക്തീകരണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ പുതിയ സർക്കാരിന്മേൽ ജനാധിപത്യപരമായ സമ്മർദ്ദം ചെലുത്തും. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന സർക്കാരിന്റെ ഏത് നല്ല നടപടിയെയും പിന്തുണയ്ക്കും. എന്നാൽ ജനവിരുദ്ധ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായ വ്യാജപ്രചാരണങ്ങൾ നടന്നു. ഇതിൽ ചില മാധ്യമങ്ങൾ വഹിച്ച പങ്ക് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്. അതേസമയം, കേരളത്തിൽ ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരമായ വിഷയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫിന്റെ നിലപാടുകളിലും ഇടപെടലുകളിലും വന്ന വീഴ്ചകൾ ജനാധിപത്യപരമായി തന്നെ പരിശോധിക്കും. ആവശ്യമായ തിരുത്തലുകൾ വരുത്തി, ജനങ്ങളോടുള്ള ബന്ധം കൂടുതൽ ശക്തമാക്കി പുതിയ ആത്മവിശ്വാസത്തോടെ ഇടതുപക്ഷം മുന്നോട്ട് പോകും.