തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരസ്യമായി തള്ളിപ്പറയാതിരുന്നത് പാർട്ടിക്കു വലിയ തിരിച്ചടിയുണ്ടാക്കിയെന്നാണ് പ്രധാന വിമർശനം. ഇത് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റാൻ കാരണമായെന്നും യോഗത്തിൽ നേതാക്കൾ വിമർശിച്ചു.
കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച് രാത്രി 10 മണി വരെ നീണ്ടുനിന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങളുയർന്നത്. എല്ലാവർക്കും നിർഭയമായി അഭിപ്രായങ്ങൾ പറയാമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു ഇത്. വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളെ മുഖ്യമന്ത്രി തള്ളിപ്പറയാതിരുന്നത് ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ തെറ്റിദ്ധാരണ പരത്തി. വെള്ളാപ്പള്ളിയുടെ പിന്തുണ സി.പി.ഐ.എമ്മിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തതെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.
തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിൽ ഉൾപ്പെടെ വലിയ വീഴ്ചകളുണ്ടായെന്നാണ് ഉയർന്നുവന്ന മറ്റൊരു പ്രധാന വിമർശനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ പല പരാമർശങ്ങളും എതിരാളികൾക്ക് ആയുധമായി മാറി. ഇത് രാഷ്ട്രീയ എതിരാളികളുടെ പ്രചാരണങ്ങൾക്ക് ആക്കം കൂട്ടിയെന്നും നേതാക്കൾ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ നേരിട്ട് ലക്ഷ്യം വച്ചുകൊണ്ടായിരുന്നു ഭൂരിഭാഗം വിമർശനങ്ങളും.