കേരളം: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.ഐ.എം നേതൃത്വത്തിനെതിരെ വിമർശനവുമായി പി. ജയരാജൻ. പാർട്ടിയിൽ അടിയന്തര തിരുത്തൽ വേണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. പാർലമെന്ററി വ്യവസ്ഥയിൽ എത്തുമ്പോൾ കമ്മ്യൂണിസ്റ്റുകൾക്കിടയിൽ പലതരം ജീർണ്ണതകൾ കടന്നുവരുമെന്നും, ആ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പാഠമുൾക്കൊണ്ട് സ്വയംപരിശോധന നടത്തണം. തിരുത്തേണ്ട പാളിച്ചകളെക്കുറിച്ച് ചർച്ച ചെയ്ത് തിരുത്തിയില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. പാർട്ടിയുടെ യഥാർത്ഥ അന്തഃസത്ത ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകണം. രാജ്യം കണ്ട വലിയ കർഷക സമരങ്ങളിലടക്കം ഇടതുപക്ഷം നടത്തിയ സജീവമായ ഇടപെടലുകളും ത്യാഗനിർഭരമായ ചരിത്രവും അദ്ദേഹം ഓർമ്മിപ്പിച്ചു.
അണികളുടെ സൈബർ വിമർശനങ്ങൾ ഗൗരവമായി കാണണം. തിരഞ്ഞെടുപ്പ് തോൽവിയുടെ നിരാശയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പാർട്ടി അനുഭാവികൾ പ്രകടിപ്പിക്കുന്ന വിമർശനങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളും പാർട്ടി നേതൃത്വം ഗൗരവമായി പരിഗണിക്കണം. തെറ്റുതിരുത്തൽ പ്രക്രിയ പാർട്ടി സംഘടനയ്ക്കകത്ത് തന്നെ നടക്കേണ്ടതുണ്ട്. അതേസമയം തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.ഐ.എമ്മിലും സി.പി.ഐയിലും നേതൃമാറ്റം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.