ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിക്കാൻ സാധ്യത. പെട്രോളിനും ഡീസലിനും ലിറ്ററിന് 4 മുതൽ 5 രൂപ വരെയും പാചകവാതകത്തിന് 40 മുതൽ 50 രൂപ വരെയും കൂട്ടിയേക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഈ നീക്കം.
ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില വർധിക്കുന്നതാണ് വില കൂട്ടാനുള്ള പ്രധാന കാരണം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമായതോടെ എണ്ണക്കമ്പനികൾക്ക് സാമ്പത്തിക സമ്മർദ്ദമുണ്ട്. ഇത് കുറയ്ക്കാൻ ഇന്ധന, എൽപിജി വില വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 2022 മുതൽ രാജ്യത്ത് പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന നിരക്കുകൾ വലിയ മാറ്റമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിൽ പുതിയ വില വർധനവ് വന്നാൽ കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇന്ധനവില വർധനവായിരിക്കും ഇത്.
കഴിഞ്ഞ മാസം ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 15 ശതമാനം കുറവ് വന്നിട്ടുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധി തുടങ്ങിയ ശേഷം വാണിജ്യ എൽപിജി സിലിണ്ടറുകളുടെയും പ്രീമിയം പെട്രോളിന്റെയും വില കൂട്ടിയിരുന്നു. ഗാർഹിക സിലിണ്ടറുകൾക്കും നേരിയ രീതിയിൽ വില വർദ്ധിപ്പിച്ചിട്ടുണ്ട്. എങ്കിലും 80 ശതമാനം പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില സാധാരണക്കാർക്ക് താങ്ങാനാകുന്ന രീതിയിൽ പിടിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.