ലോകം: യുഎസ് – ഇറാൻ യുദ്ധഭീതി ശക്തമാകുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉടലെടുക്കുന്നു. ഏതു നിമിഷവും ഇറാനെതിരെ ആക്രമണം ഉണ്ടായേക്കാമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയത്. ട്രംപിന്റെ നിർദേശത്തിന് പിന്നാലെ യുഎസ് നാവികസേന തയാറെടുപ്പുകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം സംഘർഷം ലഘൂകരിക്കുന്നതിനായി ഇറാൻ പാകിസ്താനെ മധ്യസ്ഥരാക്കി പുതിയ നീക്കങ്ങൾ ആരംഭിച്ചു.
ഹോർമുസ് കടലിടുക്കിൽ യുഎസ് നാവികസേന സജ്ജമായി കഴിഞ്ഞു. ട്രംപിന്റെ പ്രഖ്യാപനം വന്നയുടൻ തന്നെ അമേരിക്കൻ സേനകൾ സൈനിക നടപടികൾ ആരംഭിച്ചു. ഹോർമുസ് കടലിടുക്കിലുള്ള യുഎസ് നാവികസേനയുടെ കപ്പലുകളിലേക്ക് യുഎസ് സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിൽ അടിയന്തരമായി ആവശ്യമുള്ള ഇന്ധനം, ഭക്ഷണം, യുദ്ധോപകരണങ്ങൾ എന്നിവ എത്തിച്ചുതുടങ്ങി. ഇറാനെതിരെ സ്വീകരിക്കാൻ സാധ്യതയുള്ള തുടർ സൈനിക നടപടികളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് യുഎസ് സെൻട്രൽ കമാൻഡ് പ്രസിഡന്റ് ട്രംപിന് കൈമാറിയിട്ടുണ്ട്.
അമേരിക്കയുടെ കടുത്ത നിലപാടിന് പിന്നാലെ ഹോർമുസ് സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ പുതിയ നിർദേശങ്ങൾ മുന്നോട്ട് വെച്ചു. മധ്യസ്ഥരായ പാകിസ്താൻ വഴിയാണ് ഇറാൻ ഈ പുതിയ സമവായ നിർദേശങ്ങൾ അമേരിക്കയ്ക്ക് ഔദ്യോഗികമായി സമർപ്പിച്ചത്. ഇത് മേഖലയിലെ സംഘർഷത്തിന് അയവ് വരുത്തുമോയെന്ന് ഉറ്റുനോക്കുകയാണ് ലോകം. പശ്ചിമേഷ്യൻ വിഷയത്തിന് പുറമെ യൂറോപ്പിലെ അമേരിക്കൻ സൈനിക വിന്യാസത്തിലും ട്രംപ് നിർണായക തീരുമാനങ്ങൾ എടുക്കുന്നുണ്ട്. ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും അമേരിക്കൻ സൈന്യത്തെ പിൻവലിക്കുമെന്ന ഭീഷണിയുമായി അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. ജർമ്മനിയിൽ വിന്യസിച്ചിട്ടുള്ള യുഎസ് സൈനികരുടെ എണ്ണം കുറയ്ക്കുമെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.