ദേശീയ വാർത്ത: വാണിജ്യ ഗ്യാസ് സിലിണ്ടറിന് വീണ്ടും വില കൂട്ടി; ഒറ്റയടിക്ക് 993 രൂപയുടെ വർധനവ്. ഈ സാഹചര്യത്തിൽ ഹോട്ടൽ ഭക്ഷണ വില ഉയരാൻ സാധ്യതയുണ്ട്. എന്നാൽ സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
പുതിയ വില വർധനവ് അനുസരിച്ച് ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന് 3071.50 രൂപയായി ഉയർന്നു. ഇത് ഹോട്ടൽ, റെസ്റ്റോറന്റ് വ്യവസായ മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ മാസങ്ങളിലും വാണിജ്യ സിലിണ്ടറുകൾക്ക് സമാനമായ രീതിയിൽ വില വർദ്ധിപ്പിച്ചിരുന്നു. മാർച്ച് മാസത്തിൽ 100 രൂപയും ഏപ്രിൽ മാസത്തിൽ 200 രൂപയുമാണ് കൂട്ടിയത്.
പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുള്ള പ്രതിസന്ധികളാണ് ഈ വിലക്കയറ്റത്തിന് കാരണം. സംഘർഷം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടർ വില കൂട്ടുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടത് വിതരണത്തെ ബാധിച്ചു. ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചു. ഡീസൽ കയറ്റുമതി തീരുവ 23 രൂപയായും വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ 33 രൂപയായും കുറച്ചു. പെട്രോളിന്റെ കയറ്റുമതി തീരുവയിൽ മാറ്റമില്ല.